” സ്വന്തം നാട്ടുകാരെ തല്ലിയോടിക്കാന്‍ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്ന പഞ്ചായത്ത് പ്രസിഡന്റ് അരിക്കുളത്തിന് അപമാനം” ജെ.സി.ബിയ്ക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിയുമായി സമരക്കാര്‍- വീഡിയോ കാണാം
അരിക്കുളം: പൊലീസ് സഹായത്തോടെ അരിക്കുളത്ത് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ (എം.സി.എഫ്) നിര്‍മ്മാണം തുടങ്ങാന്‍ ശ്രമം. ജെ.സി.ബി ഉപയോഗിച്ച് പ്രദേശം നിരപ്പാക്കുന്ന പ്രവൃത്തി ഇന്ന് തുടങ്ങി.
രാവിലെ ശക്തമായ പൊലീസ് സന്നാഹത്തോടെയാണ് തൊഴിലാളികളെ ഇവിടെ എത്തിച്ചത്. ജനകീയ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തുവരികയും ജെ.സി.ബിക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
കളിസ്ഥലം സംരക്ഷിക്കാന്‍വേണ്ടി ജീവന്‍ നല്‍കാന്‍ വരെ തയ്യാറാണെന്നും സ്വന്തം നാട്ടുകാരെ തല്ലിയോടിക്കാന്‍ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്ന പഞ്ചായത്ത് പ്രസിഡന്റ് അരിക്കുളത്തിന് അപമാനം എന്നുമുള്ള മുദ്രാവാക്യം വിളികളോടെയാണ് സമരക്കാര്‍ പ്രതിഷേധിച്ചത്. എന്നാല്‍ പൊലീസ് സമരക്കാരെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയും പൊലീസ് വാഹനത്തില്‍ ഇവിടെ നിന്നുംമാറ്റുകയും ചെയ്തു. 160ഓളം പേരാണ് അറസ്റ്റിലായതെന്ന് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
കനാല്‍ പുറമ്പോക്ക് ഭൂമിയില്‍ മാലിന്യ സംസ്‌കരണകേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ ഇരിപ്പ് സമരം തുടരുന്ന സാഹചര്യത്തിലായിരുന്നു പൊലീസ് സഹായത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ നീക്കമുണ്ടായത്. ഇന്ന് രാവിലെ ശക്തമായ പൊലീസ് സന്നാഹത്തോടെ സമരം നടക്കുന്ന സ്ഥലത്തെത്തുകയായിരുന്നു. ഇതിനെതിരെ സമരക്കാര്‍ രംഗത്തുവന്നതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
160 പേരോളമാണ് അറസ്റ്റിലായതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പ്രായമായവരെ അടക്കം വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. പൊലീസ് ബസില്‍ ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
അരിക്കുളത്തുകാര്‍ കലാ-കായിക സാംസ്‌കാരിക പരിപാടികള്‍ക്കായി ഒത്തുകൂടുന്ന പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപമുള്ള പുറമ്പോക്കില്‍ മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതോടെയാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവിടെ രാപ്പകല്‍ ഇരിപ്പ് സമരം ആരംഭിച്ചത്.
വീഡിയോ:
ഈ സ്ഥലം ഒരിക്കലും പൊതു ഇടം ആയിരുന്നില്ലെന്നും ജനങ്ങള്‍ ഒത്തുചേരുന്ന കേന്ദ്രമല്ലെന്നുമായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് എം.സുഗതന്‍ മാസ്റ്ററുടെ വാദം. എം.സി.എഫ് നിര്‍മ്മിക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ക്ക് മറ്റ് വകുപ്പുകളുടെ കൈവശമുള്ള ഭൂമി കണ്ടെത്തി കൈമാറുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ ഇറിഗേഷന്‍ വകുപ്പിനോട് പത്ത് സെന്റ് സ്ഥലം നല്‍കാന്‍ ഉത്തരവിട്ടതെന്നുമായിരുന്നു പഞ്ചായത്തിന്റെ വിശദീകരണം.
എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി എം.സി.എഫിന് സ്ഥിരം കെട്ടിടം പണിയാന്‍ പത്ത് സെന്റ് സ്ഥലം പഞ്ചായത്തിലൊരിടത്തും കണ്ടെത്താന്‍ കഴിയാത്ത പ്രസിഡന്റ് തന്റെ ഭരണ പരാജയം മറച്ചുവെക്കുകയാണെന്നായിരുന്നു ജനകീയ കര്‍മ്മ സമിതിയുടെ ആരോപണം.
2018 ലെ ജില്ലാ കളക്ടറുടെ ഉത്തരവില്‍ പത്ത് സെന്റ് സ്ഥലം എം.സി.എഫിനായി കണ്ടെത്താന്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്. ഇതിനായി ശ്രമിക്കാതെ പഞ്ചായത്തില്‍ സ്ഥിരം കെട്ടിടമുണ്ടെന്ന തെറ്റായ വിവരം സര്‍ക്കാറിലേയ്ക്ക് അയച്ച് പദ്ധതിയ്ക്ക് അംഗീകാരം വാങ്ങുകയും ഫണ്ട് കൈപ്പറ്റുകയുമാണ് പഞ്ചായത്ത് ചെയ്തതെന്നും കര്‍മ്മസമിതി ആരോപിച്ചിരുന്നു. ഭരണ സമിതിയുടെ ഈ നടപടിക്കെതിരെ പഞ്ചായത്ത് ഓംപുട്സ്മാന് കര്‍മ സമിതി ഇതിനകം പരാതി നല്‍കിയിട്ടുണ്ട്.
ആര്‍.ഡി.ഒ. വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ എം.സി.എഫിന് അനുയോജ്യമായ പത്ത് സെന്റ് സ്ഥലം കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ വിലയ്ക്കു വാങ്ങി പഞ്ചായത്തിന് കൈമാറാമെന്ന് നിര്‍ദ്ദേശം വെച്ചെങ്കിലും പഞ്ചായത്ത് പ്രസിഡണ്ട് അത് തള്ളിക്കളയുകയാണുണ്ടായതെന്നും ജനകീയ കര്‍മ സമിതി കുറ്റപ്പെടുത്തിയിരുന്നു.