ഇനി വെറ്റിനറി സർവകലാശാല ഉപകേന്ദ്രം നമ്മുടെ നാട്ടിലും; നടേരി വലിയമലയിൽ വെറ്ററിനറി സർവകലാശാല ഉപകേന്ദ്രത്തിനുള്ള സ്ഥലം കൈമാറാൻ അനുമതി


കൊയിലാണ്ടി: നമ്മുടെ നാട്ടിൽ വെറ്റിനറി സർവകലാശാല ഉപകേന്ദ്രം ഉടൻ എത്തും. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ ഉപകേന്ദ്രം സ്ഥാപിക്കുന്നതിനായി നിലനിന്നിരുന്ന സാങ്കേതിക തടസ്സം മാറി. നടേരി വലിയമലയിൽ സെന്റർ തുടങ്ങുന്നതിനായി സ്ഥലം വിട്ടു നൽകുന്നതിനായുള്ള രേഖകൾ കൈമാറി.

വ്യവസായ കേന്ദ്രം നിർമിക്കാനായി നഗരസഭ ഏറ്റെടുത്ത 6.432 ഏക്കർ സ്ഥലത്തിൽനിന്ന് 4 ഏക്കർ സ്ഥലം വിട്ടുനൽകാനാണ് ഉത്തരവ്‌. ബാക്കി നഗരസഭയുടെ കൈവശമുള്ള സ്ഥലം കമ്പിവേലികെട്ടി സംരക്ഷിക്കണമെന്നാണ് ഉത്തരവ്.

സ്ഥലം വിട്ടുനൽകുന്നതിനായുള്ള രേഖകൾ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയെ എം.എൽ.എ കാനത്തിൽ ജമീലയുടെ നേതൃത്വത്തിൽ കൈമാറി. നഗരസഭ ചെയപേഴ്സൺ കെ.പി. സുധ, വികസനകാര്യ സ്റ്റാ്റിംഗ് കമ്മിറ്റി ചെയപേഴ്സൺ കെ.എ ഇന്ദിര എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് വൈസ് ചാൻസിലർ സ്ഥലം സന്ദർശിച്ച് സർക്കാരിന് റിപ്പോർട്ട് കൈമാറിയിരുന്നു.

നടേരി വലിയ മലയിൽ വെറ്ററിനറി സർവകലാശാലയുടെ കീഴിൽ കന്നുകാലി വന്ധ്യതാനിവാരണകേന്ദ്രം, റിസർച്ച് സെന്റർ എന്നിവ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈസ് വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥ് പറഞ്ഞു. വെറ്ററിനറി സർവകലാശാലയുടെ കോളജ് ഓഫ് ഡെയറി സയൻസ് കൂടി ഇവിടെ സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന സൂചനകുളും അധികൃതർ പറഞ്ഞു.

കൊയിലാണ്ടി നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ കൂറ്റൻ ജലസംഭരണി സ്ഥിതിചെയ്യുന്നത് ഇതേ സ്ഥലത്താണ്. വലിയമലയി ലേക്ക് നിലവിൽ റോഡ് സൗകര്യവും ഇല്ല. താത്കാലികമായി ഈ സ്ഥലത്തേക്ക് ചെമ്മൺപാത നിർമ്മിച്ചിരിക്കുകയാണ്. സർക്കാർ അനുമതി ലഭിച്ചതിനാൽ സർവകലാശാലാ ഫണ്ടുപയോഗിച്ച് ഉപകേന്ദ്രത്തിന്റെ പ്രവൃത്തി ആരംഭിക്കാൻ അനുമതി തേടും. റോഡ് സൗകര്യമടക്കം പ്രാഥമികമായി ചെയ്യേണ്ടുന്ന എല്ലാ സഹായവും നഗരസഭ ചെയ്യുമെന്ന് ചെയർപേഴ്സൺ കെ പി സുധ പറഞ്ഞു.

വരുന്ന നഗരസഭാ ബജറ്റിൽ വലിയമലയിലേക്ക് റോഡ് നിർമ്മിക്കുന്നതിനും മറ്റു അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമുള്ള തുക വകയിരുത്തുമെന്നാണ് അറിവ്. സർവകലാശാല കേന്ദ്രം സ്ഥാപിക്കുന്നതിന് 10 കോടി രൂപയുടെ പ്രൊജക്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നു അധികൃതർ പറഞ്ഞു.