ജനങ്ങളുടെ പ്രതിഷേധം ഫലംകണ്ടു; പൊയില്‍ക്കാവിലും തിക്കോടിയിലും അടിപ്പാതയ്ക്ക് ദേശീയപാത അതോറിറ്റിയുടെ അംഗീകാരം


കൊയിലാണ്ടി: പൊയില്‍ക്കാവിലും തിക്കോടിയിലും ദേശീയ പാത ക്രോസ് ചെയ്യാന്‍ അടിപ്പാത അനുവദിച്ചതായി കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. അണ്ടര്‍പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പ്രൊപ്പോസലിന് ദേശീയ പാത അതോറിറ്റി അംഗീകാരം നല്‍കിയ അറിയിപ്പ് ലഭിച്ചെന്നും അവര്‍ വ്യക്തമാക്കി.

ദേശീയപാത കടന്നുപോകുന്ന മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളായ ആനക്കുളം, മൂടാടി ഹില്‍ബസാര്‍ റോഡ്, തിക്കോടി, പൊയില്‍ക്കാവ് എന്നിവിടങ്ങളില്‍ അണ്ടര്‍പാസ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതില്‍ ആനക്കുളവും മൂടാടിയും അണ്ടര്‍പാസുകള്‍ അനുവദിച്ചതായി അടുത്തിടെ എം.എല്‍.എ അറിയിച്ചിരുന്നു. പൊയില്‍ക്കാവിലും തിക്കോടിയിലും കൂടി അണ്ടര്‍പാസുകള്‍ വരുന്നതോടെ ഇതുസംബന്ധിച്ച പ്രദേശവാസികളുടെ ആശങ്കകള്‍ അകലുകയാണ്.

മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളില്‍ അണ്ടര്‍പാസില്ലാത്ത പ്രശ്‌നം ചൂണ്ടിക്കാട്ടി പ്രാദേശികമായി സമരസമിതികള്‍ രൂപീകരിച്ച് ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനകീയമായ ഇത്തരം പ്രക്ഷോഭങ്ങളുടെയും എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലുകളുടെയും ഫലമാണ് ഇപ്പോഴത്തെ അനുമതി.