കൊയിലാണ്ടിയിലെ ഫുട്‌ബോളിനെ അടുത്തറിയാന്‍ മറഡോണയെ വാര്‍ത്തെടുത്ത അര്‍ജന്റീനോസ് ജൂനിയോസ് ഫുട്‌ബോള്‍ പരിശീലകരെത്തി; സ്വീകരണമൊരുക്കി വെറ്ററന്‍സ് ഫുട്‌ബോള്‍ താരങ്ങള്‍


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഫുട്‌ബോള്‍ പരിശീലനം അടുത്തറിയാനും മനസ്സിലാക്കാനും പഴയകാല ഫുട്‌ബോള്‍ താരങ്ങളുമായി മറഡോണയെ വാര്‍ത്തെടുത്ത അര്‍ജന്റീനോസ് ജൂനിയോസ് ഫുട്‌ബോള്‍ അക്കാദമിയിലെ പരിശീലകരെത്തി. മാറ്റിയാസ് അക്കോസ്റ്റ, അലിജാന്‍ഡ്രോ ലിനോ എന്നിവരാണ് കൊയിലാണ്ടിയിലെത്തിയത്. സ്‌റ്റേഡിയം പരിസരത്തെ ഇവരെ വെറ്ററന്‍സ് ഫുട്‌ബോള്‍ താരങ്ങള്‍ സ്വീകരിച്ചു.

മുന്‍ താരങ്ങളായ എല്‍.എസ്.ഋഷി ദാസ്, കെ.ടി.വിനോദ് കുമാര്‍, ബാബു, ഗോപി, ബ്രിജേഷ് എന്നിവരും കൂടിക്കാഴ്ച നടത്തി. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ചാലഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബാണ് അര്‍ജന്റീന ജൂനിയര്‍ ക്ലബ്ബുമായി ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനത്തിനായാണ് കോച്ചസ് എത്തിയത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിക്കാനും പരിശീലനങ്ങള്‍ വിലയിരുത്താനുമാണ് ഫുട്‌ബോള്‍ അക്കാദമികളും ക്ലബ്ബുകളും സന്ദര്‍ശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പരിശീലകര്‍ എത്തിയത്.