”കാല്‍നൂറ്റാണ്ടിലേറെക്കാലം ചേമഞ്ചേരിയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതില്‍ സജീവ പങ്കാളി”; വെളുത്താടത്ത് വി.ബാലന്‍ നായര്‍ ഇനി ഓര്‍മ്മ


ചേമഞ്ചേരി: കാല്‍നൂറ്റാണ്ടിലധികം കാലം ചേമഞ്ചേരിയില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിലും പൊതുരംഗത്തും അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിത്വം, അതായിരുന്നു ചേമഞ്ചേരിക്കാരെ സംബന്ധിച്ച് വെളുത്താടത്ത് വി.ബാലന്‍ നായര്‍. ചെറുപ്രായത്തിലേ രാഷ്ട്രീയത്തിലേക്ക് വന്ന്, പാര്‍ട്ടിയെ ശക്തിപ്പെടുത്താനും തൊഴിലാളിക്ഷേമത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടയാളായിരുന്നു അദ്ദേഹം.

ചേമഞ്ചേരി പഞ്ചായത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ ത്യാഗനിര്‍ഭരമായ പങ്കാണ് അദ്ദേഹം വഹിച്ചത്. അഭിവക്ത പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. സി.എം.പി രൂപീകരണത്തെ തുടര്‍ന്ന് തിരുവങ്ങൂരിലെ പാര്‍ട്ടി ഓഫീസ് സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു. സി.പി.എം ഏരിയാ കമ്മിറ്റി മെമ്പര്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു.

തുവ്വക്കോട്ടെ കര്‍ഷക തൊഴിലാളികള്‍ക്ക് തൊഴില് നഷ്ടപ്പെട്ടപ്പോള്‍ അത് പുനസ്ഥാപിക്കാന്‍വേണ്ടി നടത്തിയ സമരങ്ങള്‍, അടിയന്തരാവസ്ഥയ്‌ക്കെതിരായ നടന്ന സമരങ്ങള്‍, എസ്.എഫ്.ഐ വിദ്യാര്‍ഥിയെ പുറത്താക്കിയതിനെതിരെ തിരുവങ്ങൂര്‍ സ്‌കൂളില്‍ നടന്ന സമരം തുടങ്ങിയവയില്‍ നേതൃപരമായ പങ്കുവഹിച്ചു. പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലും സംഘടനാ രീതി മുറുകെ പിടിക്കുന്നതിലും വിട്ടുവീഴ്ച കാട്ടിയിരുന്നില്ല.

1979ല്‍ അദ്ദേഹം ചേമഞ്ചേരി പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വാര്‍ഡ് മെമ്പര്‍ എന്ന നിലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. ഇത്തരത്തില്‍ ചേമഞ്ചേരിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ തന്റെ സജീവ പ്രവര്‍ത്തനങ്ങള്‍കൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു വെളുത്താടത്ത് ബാലന്‍ നായര്‍.