അപകടമേഖല: കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു


കാപ്പാട്: കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. കൊയിലാണ്ടി ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയറാണ് ഇക്കാര്യം അറിയിച്ചത്.

കടലാക്രമണം രൂക്ഷമായതോടെ പലയിടത്തും റോഡ് പൂര്‍ണമായും തകരുകയും അപകടത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്.

കാപ്പാട് മേഖലയില്‍ തുവ്വക്കാട് മുതല്‍ പൊയില്‍ക്കാവ് വരെ രൂക്ഷമായ കടലാക്രമണം തുടരുകയാണ്. കാപ്പാട് ബീച്ച് റിസോര്‍ട്ടിന് അടുത്തായും ശ്മശാനത്തിന് മുന്നിലും തീരദേശ റോഡ് മുഴുവനായും കടലെടുത്ത നിലയിലാണ്.