ഓണം കളറാക്കാൻ വാഹനത്തിൽ അഭ്യാസം വേണ്ട, പിടിവീഴും
കോഴിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും കേന്ദ്രീകരിച്ച് വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നീ വാഹനങ്ങൾ ഉപയോഗിച്ച് റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് മിന്നൽ പരിശോധനകൾ നടത്തും.
രക്ഷിതാക്കളും അധ്യാപകരും ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അതാത് സ്ഥലത്തെ ഓഫീസുകളിൽ അറിയിച്ചാൽ ഉടൻ തന്നെ നടപടി സ്വീകരിക്കുന്നതാണെന്നും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
Summary: Vehicle usage is banned in educational institutions on Onam celebrations