പകല്‍ മുഴുവന്‍ കായലില്‍ കറങ്ങാം, ഇടയില്‍ പാതിരാമണലില്‍ ഇറങ്ങാം, ചെലവ് വെറും നാനൂറ് രൂപ; വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ജലഗതാഗത വകുപ്പിന്റെ ‘വേഗ-2’
ആലപ്പുഴ: ഒരു പകല്‍ മുഴുവന്‍ കായലില്‍ ചെലവഴിക്കാന്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ അവസരൊമൊരുക്കുകയാണ് സംസ്ഥാന ജലഗതാഗത വകുപ്പ്. ‘വേഗ-2’ എന്ന ജനപ്രിയ ബോട്ട് സര്‍വ്വീസാണ് വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് വിജയകരമായി മുന്നോട്ട് കുതിക്കുന്നത്.
2020 ഡിസംബറിലാണ് വേഗ-2 സര്‍വ്വീസ് ആരംഭിച്ചത്. സാധാരണ സര്‍ക്കാര്‍ ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി മുന്‍ഭാഗത്ത് നിന്ന് കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യം വേഗയില്‍ ഉണ്ട്.
സര്‍ക്കാരിന്റെ കീഴിലുള്ള ഈ ബോട്ട് ദിവസവും 11.30 ന് ആലപ്പുഴയില്‍ നിന്നാണ് യാത്ര തിരിക്കുന്നത്. പുന്നമടക്കായലിലൂടെയും, വേമ്പനാട് കായലിലൂടെയുമാണ് സഞ്ചാരം. മുഹമ്മ, റാണി, ചിത്തിര, മാര്‍ത്താണ്ഡം, ആര്‍ ബ്ലോക്ക്, മംഗലശ്ശേരി, കുപ്പപ്പുറം വഴി തിരികെ 4.30 ന് ആലപ്പുഴയിലെത്തും. പക്ഷി നിരീക്ഷകരുടെ പറുദീസയായ പാതിരാമണല്‍ ദ്വീപില്‍ ഇറങ്ങി കാഴ്ചകള്‍ കാണാനും വേഗ-2 സൗകര്യമൊരുക്കുന്നുണ്ട്.
മലയാളികള്‍ തന്നെയാണ് വേഗ-2 ല്‍ കൂടുതലായി എത്തുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിഞ്ഞതിനാല്‍ വിദേശികളും എത്തിത്തുടങ്ങിയെന്ന് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അവധിക്കാലം തുടങ്ങിയതോടെ അതിവേഗമാണ് വേഗയിലെ സീറ്റുകള്‍ ബുക്ക് ചെയ്യപ്പെടുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
നോണ്‍ എ.സിയില്‍ യാത്ര ചെയ്യാന്‍ 400 രൂപയും എ.സിയില്‍ 600 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 100 രൂപ കൂടി കൊടുത്താല്‍ കുടുംബശ്രീ ഒരുക്കുന്ന നല്ല നാടന്‍ ഭക്ഷണവും കഴിച്ച് പോരാം. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ബോട്ടിന്റെ വേഗം.
[bot1]
120 പേര്‍ക്ക് യാത്ര ചെയ്യാം. 40 എ.സി സീറ്റും 80 നോണ്‍ എ.സി സീറ്റുമുണ്ട്. ലൈഫ് ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും ബോട്ടില്‍ ഒരുക്കിയിട്ടുണ്ട്. സീറ്റ് ബുക്ക് ചെയ്യാനായി 9400050322, 9400050325, 9400050327 എന്നീ നമ്പറുകളില്‍ വിളിക്കാം.