‘ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ജോലി നല്‍കാനുള്ള നടപടി സ്വീകരിക്കണം’; മണക്കുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ച് വി.ഡി സതീശന്‍


കൊയിലാണ്ടി: ആനയിടഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ജോലി നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് ക്ഷേത്രം സന്ദര്‍ശിച്ചു കൊണ്ട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മരിച്ചവരുടെ കുടുംബത്തിന് തുഛമായ സഹായമാണ് മലബാര്‍ – ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് ലഭ്യമായതെന്നും ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര് കൂടുതല്‍ സഹായം ചെയ്യണം. പരുക്കേറ്റവരില്‍ 15- ഓളം പേര്‍ ഇപ്പോഴും അതിഗുരുതരാവസ്ഥ നേരിടുകയാണ്. ഒരു രൂപയുടെ സഹായം പോലും അവര്‍ക്ക് ലഭിച്ചിട്ടില്ല. അടിയന്തരമായി ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി അവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അപകടത്തില്‍ മരണപ്പെട്ട കുറുവങ്ങാട് അമ്മുക്കുട്ടി, ലീല എന്നിവരുടേയും അപകട ദിവസത്തിന് മുമ്പ് ക്ഷേത്രസമീപം കുഴഞ്ഞ് വീണ് മരിച്ച കുറുവങ്ങാട് എടുപ്പിലേടത്ത് വിശ്വനാഥന്റെയും വീടുകള്‍ സന്ദര്‍ശിച്ചു.