”വേണമെങ്കില്‍ വാഴ അടിയിലും കുലയ്ക്കും”; കൊയിലാണ്ടി കൊല്ലത്തെ ഈ വാഴ ഇത്തിരി സ്‌പെഷ്യലാണ്
കൊയിലാണ്ടി: സാധാരണ വാഴ കുലയ്ക്കുന്നത് മുകളിലാണ്. ആദ്യം നീളംകുറഞ്ഞ ഇല വരും. പിന്നാലെ കൂമ്പും കുലയും വരും. എന്നാല്‍ കൊയിലാണ്ടി കൊല്ലം ചിറയ്ക്ക് സമീപത്തുള്ള ബേബി രാജന്റെ വീട്ടിലെ വാഴക്കുല അല്പം സ്‌പെഷ്യലാണ്. ഇവിടെ വാഴ കുലച്ചിരിക്കുന്നത് താഴെയാണ്. തണ്ടില്‍ പകുതിയ്ക്ക് താഴെ വെച്ച് കൂമ്പും കുലയുമെല്ലാം വന്നിരിക്കുകയാണ്.
മൈസൂര്‍ വാഴയാണ് ഇത്തരത്തില്‍ കുലച്ചതെന്ന് രാജന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രണ്ടുദിവസം മുമ്പാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. മുകളില്‍ കുലയൊന്നുമില്ല. അതുകൊണ്ടുതന്നെ താഴ്ഭാഗം ശ്രദ്ധിച്ചിരുന്നില്ല. അത്യാവശ്യം നല്ല തടിയുള്ള വലിയ വാഴയാണിതെന്നും അദ്ദേഹം പറഞ്ഞു.
കുലയ്ക്ക് സാധാരണ വാഴയുടേത് പോലെ തന്നെ കായകളും കൂമ്പുമെല്ലാമുണ്ട്. ഏതായാലും ഈ സ്‌പെഷ്യല്‍ വാഴ മൂത്ത് പഴുക്കാനുള്ള കാത്തിരിപ്പിലാണ് വീട്ടുകാര്‍.