രക്തംവാര്‍ന്ന് പത്തു മിനിട്ടോളം റോഡില്‍; വളാഞ്ചരിയില്‍ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


വടകര: മലപ്പുറം വളാഞ്ചേരിയിലുണ്ടായ ബൈക്ക് അപകടത്തില്‍ വടകര സ്വദേശി മരിച്ചു. ചോറോട് മാങ്ങോട്ടുപാറ ഭാരത് ഗ്യാസ് ഗോഡൗണിനു സമീപം ‘അര്‍ഷില്‍’ പുത്തലത്ത് വാഴയില്‍ നസീമുദ്ദീനാണ് മരണപ്പെട്ടത്. മുപ്പത്തഞ്ച് വയസ്സായിരുന്നു.

വളാഞ്ചേരി വട്ടപ്പാറ പഴയ സി.ഐ ഓഫീസിനു സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. രക്തം വാര്‍ന്ന നിലയില്‍ നിസാമുദ്ദീനെ കണ്ടെത്തുകയായിരുന്നു. അപകടത്തില്‍ നിസാമുദ്ദീന് വയറിന് സാരമായ പരിക്കേറ്റിരുന്നു. റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട് ഗാര്‍മെന്റ്‌സ് യൂനിറ്റില്‍ ജോലി ചെയ്യുന്ന നസീമുദ്ദീന്‍ കുടുംബത്തോടൊപ്പം കുറച്ചുകാലമായി കുന്ദമംഗലത്താണ് താമസം. ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് പോയി മടങ്ങുമ്പോഴാണ് അപകടമെന്നു കരുതുന്നു. വടകര ശാദിമഹലിനു സമീപം പുത്തലത്ത് വാഴയില്‍ നാസറിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: മുംതസ്. മക്കള്‍: നഹാന്‍, ആലിം.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഖബറടക്കം താഴെഅങ്ങാടി ജുമുഅത്ത് പള്ളിയില്‍ നടക്കും.