നാന്നൂറോളം ബാഗുകളിലായി പച്ചക്കറി കൃഷി; സ്വയം കൃഷി ചെയ്ത് സ്കൂൾ ഉച്ചഭക്ഷണം, വടകര തണലിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ സദ്യ; മൂടാടി ഗ്രാമപഞ്ചായത്തിലെ മികച്ച കാർഷിക പ്രവർത്തനത്തിനുള്ള അവാർഡ് നേടി വന്മുകം കോടിക്കൽ എ.എം യു.പി സ്കൂൾ
മൂടാടി: തങ്ങളുടെ അധ്വാനത്തിന്റെ ഫലം സ്വന്തമായി ഉപയോഗിക്കുക മാത്രമല്ല മറ്റുള്ളവർക്ക് അന്നം നൽകി സ്നേഹത്തിന്റെയും മാതൃക കാട്ടി പഞ്ചായത്തിലെ മികച്ച കാർഷിക പ്രവർത്തനം കാഴ്ചവച്ച് വൻമുഖം കോടികൾ സ്കൂൾ. 2021-22 വർഷത്തെ മൂടാടി ഗ്രാമപഞ്ചായത്തിലെ മികച്ച കാർഷിക പ്രവർത്തനത്തിനുള്ള അവാർഡ് ആണ് വന്മുകം കോടിക്കൽ എ.എം യു.പി സ്കൂളിന് ലഭിച്ചത്.
നാന്നൂറോളം ബാഗുകളിലായി തക്കാളി, വെണ്ട, വഴുതന, പച്ചമുളക് എന്നിവയാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. സ്കൂളിലെ ഉച്ചയൂണിനു ഈ പച്ചക്കറികൾ ഉപയോഗിക്കും. ഇത് കൂടാതെ വടകര തണലിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ സദ്യ ഒരുക്കി നൽകുകയും ചെയ്തു.
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും പി.ടി.എ യുടെയും മാനേജ്മെന്റിന്റെയും സഹായത്തോടെയാണ് കൃഷി നടത്തുന്നത്. കർഷക ദിനത്തിൽ ലഭ്യമായ സമ്മാനം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാറിൽ നിന്നും സ്കൂൾ ലീഡർ മുഹമ്മദ് റിസ് വാൻ റിയാസ് ഏറ്റുവാങ്ങി.
കർഷക ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രത്യേക അംസംബ്ലിയിൽ കൃഷിയുടെ പ്രാമുഖ്യത്തെ കുറിച്ച് പ്രഭാഷണം നടത്തി. അക്ഷര പൂക്കുട എന്ന പേരിൽ നടത്തിയ കാർഷിക പ്രസിദ്ധീകരണങ്ങളുടെ വായന കുറിപ്പ് മത്സരത്തിൽ സജ ആയിഷ ഒന്നാം സ്ഥാനവും അംറ സബഹ് രണ്ടാം സ്ഥാനവും ഷസ ഫാത്തിമ സനീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.