ജനജീവിതത്തിന് ഭീഷണിയായ ശ്രീശൈലംകുന്നിലെ വാഗാഡ് പ്ലാന്റും ലേബർ ക്യാമ്പും; പ്രശ്നത്തിൽ ഇടപെട്ട് ജില്ലാ കളക്ടർ


മൂടാടി: നന്തി ശ്രീശൈലംകുന്നില്‍ പ്രവര്‍ത്തിക്കുന്ന വഗാഡ് കമ്പനിയുടെ പ്ലാന്റും, തൊഴിലാളി ക്യാമ്പും ജനജീവിതത്തിന് ഭീഷണിയുയര്‍ത്തുന്നുവെന്ന ആരോപണത്തില്‍ ഇടപെട്ട് ജില്ലാ കളക്ടര്‍. പ്രദേശത്തെ എട്ടോളം വീടുകളിലെ കിണറിലെ വെള്ളം മലിനമാവുകയും വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയം ചെയ്ത സാഹചര്യത്തിലാണ് നടപടി. സംഭവം ജില്ലാ കളക്ടറുടെ അടിയന്തിര ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ജനകീയ കമ്മിറ്റി പ്രവര്‍ത്തകരും ജനപ്രതിനിധികളും പ്രദേശവാസികളും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി ടി.എന്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. പ്രദേശവാസികളുടെ ദുരിതവും ആശങ്കകളും കളക്ടറെ ബോധ്യപ്പെടുത്തി.

ജനകീയ കമ്മറ്റിയുടെ ചെയര്‍മാന്‍ ശശി പുത്തലത്ത്, കണ്‍വീനര്‍ എന്‍.കെ കുഞ്ഞിരാമന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ഷീജ പട്ടേരി, പ്രദേശവാസിയായ സി.വി പ്രകാശ് ബാബു എന്നിവരടങ്ങിയ സംഘമാണ് കലക്ട്രേറ്റിലെത്തിയത്. കുടിവെള്ളം മലിനമായ വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും, കുടിവെള്ളം എത്തിക്കാനും, മണ്ണിടിച്ചില്‍ തടയാനായി ബലമുള്ള ചുറ്റുമതില്‍ നിര്‍മ്മിക്കാനും കമ്പനി അധികൃതര്‍ക്ക് ഉത്തരവ് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി മൂടാടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കമ്പനി അധികൃതരുമായി നാളെ ചര്‍ച്ച നടത്തും.