മുന്നൂറോളം ശാസ്ത്രപ്രതിഭകള്‍ മാറ്റുരയ്ക്കുന്നു; വടകര മേഖല വൊക്കേഷണല്‍ എക്‌സ്‌പോ – പ്രദര്‍ശന വിപണനമേളയ്ക്ക് ഒക്ടോബര്‍ 31 ന് കൊയിലാണ്ടിയില്‍ തുടക്കമാവും


കൊയിലാണ്ടി: ഒക്ടോബര്‍ 31 നവംബര്‍ 1 തിയ്യതികളിലായി ജില്ലാ ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കോഴിക്കോട്, വയനാട് ജില്ല വി.എച്ച്.എസ്.ഇ റീജ്യണല്‍ വൊക്കേഷണല്‍ എക്‌സ്‌പോ കെ മുരളീധരധരന്‍ എം.പി ഉദ്ഘാടനം ചെയ്യും.

38 ഓളം സ്‌കൂളുകളിലെ 120 ലധികം ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ അഗ്രിക്കള്‍ച്ചര്‍, എഞ്ചിനിയറിംഗ്, വെറ്റിനറി, ഫാര്‍മസ്യൂട്ടിക്കല്‍, ഫിഷറീസ്, കൊമേഴ്‌സ് തുടങ്ങിയ വിവിധ മേഖലകളിലെ അവരുടെ പഠനത്തിന്റെ ഭാഗമായുള്ള പ്രൊഡക്ഷന്‍ കം ട്രെയിനിംഗ് സെന്ററുകളില്‍ വികസിപ്പിച്ചെടുത്ത പ്രൊജക്ടുകളും ഉത്പന്നങ്ങളും 40 ഓളം വൈവിധ്യമാര്‍ന്ന സ്റ്റാളുകളിലായി പ്രദര്‍ശിപ്പിക്കുന്നു. മുന്നൂറോളം ശാസ്ത്ര പ്രതിഭകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്.

പ്രദര്‍ശനത്തിനും വിധി നിര്‍ണ്ണയ ശേഷം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും സ്റ്റാളുകളില്‍ ഒരുക്കുന്നതാണ്. ഇന്നവേറ്റീവ്, കരിക്കുലം, പ്രോഫിറ്റബിള്‍, മാര്‍ക്കറ്റബിള്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നത്. മേഖലാതലത്തില്‍ വിജയികളാവുന്ന ടീമിന് സംസ്ഥാന തല വൊക്കേഷണല്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ അര്‍ഹത ലഭിക്കുന്നതാണ്.

മേളയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘവും വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. പരിപാടി നടക്കുന്ന രണ്ട് ദിവസങ്ങളിലും കോഴിക്കോട് വയനാട് ജില്ലകളിലെ വിദൂര മേഖലകളില്‍ നിന്നും എത്തുന്ന മല്‍സരാര്‍ത്ഥികള്‍ക്കും എസ്‌കോര്‍ട്ടിംഗ് സ്റ്റാഫിനും ഉള്‍പ്പെടെ ആവശ്യമായ എല്ലാ ഒരുക്കങ്ങളും വിവിധ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാലത്ത് 9 മണിക്ക് രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളോടെ തുടങ്ങുന്ന മേള 10 മണിക്ക് ഉദ്ഘാടനവും തുടര്‍ന്ന് വിവിധ സ്റ്റാളുകളില്‍ നാല് വ്യത്യസ്ത കാറ്റഗറികളിലായി ക്രമീകരിക്കുന്ന പ്രൊജക്ടുകളും ഉത്പന്നങ്ങളും വൈകിട്ട് അതത് മേഖലകളിലെ വിദഗ്ദ്ധരുടെ വിധി നിര്‍ണ്ണയത്തിനു ശേഷം രണ്ടാം ദിനം കാലത്തു മുതല്‍ പ്രദര്‍ശന വിപണന മേളയായി മാറുന്നതാണ്.

സമാപന സമ്മേളനം നവം 1 ന് വൈകുന്നേരം 3.30 ന് മണിക്ക് കാനത്തില്‍ ജമീല എം.എല്‍. എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും സമാപനചടങ്ങില്‍ സംബന്ധിക്കുന്നതാണ്.