ബാങ്ക് മാനേജര്‍ ലക്ഷ്യമിട്ടത് 40 പവനില്‍ കൂടുതല്‍ സ്വര്‍ണം പണയംവച്ചവരെ; വടകര എടോടിയിലെ 26 കിലോ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വടകര: വടകര എടോടിയിലെ മഹാരാഷ്ട്ര ബാങ്കില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിപ്പ് നടത്തിയ മേട്ടുപ്പാളയം സ്വദേശിയായ ബാങ്ക് മാനേജര്‍ മധു ജയകുമാര്‍ ലക്ഷ്യമിട്ടത് കൂടുതല്‍ സ്വര്‍ണം പണയംവെച്ച അക്കൗണ്ടുകളാണെന്നാണ് വിവരം.
40പവനില്‍ കൂടുതല്‍ സ്വര്‍ണം പണയംവെച്ച അക്കൗണ്ടുകള്‍ ലക്ഷ്യമിട്ടാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഈ അക്കൗണ്ടുകളില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വെയ്ക്കുകയായിരുന്നു.
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ കുറഞ്ഞ പലിശ നോക്കി ഇവിടെ പണയംവെച്ച സ്വര്‍ണമാണ് പ്രതി തട്ടിയതെന്നാണ് വിവരം. സാധാരണക്കാരുടെ പണയസ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല. 2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ 6 വരെ നടന്ന ഇടപാടുകളിലാണ് തട്ടിപ്പ് നടന്നത്.
കഴിഞ്ഞമാസം ജയകുമാറിനെ ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റിയിരുന്നു. വടകരയില്‍ പുതുതായി ചാര്‍ജെടുത്ത മാനേജര്‍ പാനൂര്‍ സ്വദേശി ഇര്‍ഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
പ്രതി നിലവില്‍ കേരളം വിട്ടിട്ടുണ്ട്. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് പ്രതിയ്ക്കുവേണ്ടി ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നാണ് പൊലീസില്‍ നിന്ന് ലഭിച്ച വിവരം. ബാങ്കുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ ഈ തട്ടിപ്പില്‍ പങ്കാളികളായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.