വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണതട്ടിപ്പ് കേസ്; 113 പവൻ കൂടി കണ്ടെത്തി
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് 908 ഗ്രാം (113.5 പവൻ) പണയ സ്വർണം കൂടി അന്വേഷണ സംഘം കണ്ടെത്തി. തിരുപ്പൂരിലെ സി എസ് ബി ബാങ്കിന്‍റെ രണ്ട് ശാഖകളിൽ നടത്തിയ പരിശോധനയിൽ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് സ്വർണം കണ്ടെത്തിയത്.
കേസിൽ ഇതുവരെ 17.8 കിലോ സ്വർണം അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്. റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതിമധ ജയകുമാറിന്‍റെ സുഹൃത്ത് കാർത്തിക്കിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കാർത്തിക്കിനൊപ്പം നടത്തിയ തെളിവെടുപ്പിലാണ് സ്വർണം കണ്ടെത്തിയത്.
ബാങ്കിലെ 42 അക്കൗണ്ടുകളില്‍നിന്നായി 26.24 കിലോ സ്വര്‍ണമാണ് മധാ ജയകുമാര്‍ കടത്തിയത്. പണയം വച്ച ആഭരണങ്ങള്‍ മാറ്റിയശേഷം പകരം വ്യാജ സ്വർണം വച്ചായിരുന്നു തട്ടിപ്പ്. മൂന്ന് വര്‍ഷത്തോളം വടകര ശാഖയില്‍ മാനേജരായിരുന്ന മധാ ജയകുമാര്‍ 2024 ജൂലൈ ആറിന് എറണാകുളം ജില്ലയിലെ പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറിപ്പോയി. വടകരയില്‍ പുതുതായി ചുമതലയേറ്റ മാനേജര്‍ പാനൂര്‍ സ്വദേശി ഇര്‍ഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്.
2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ ആറ് വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥലമാറ്റം ലഭിച്ചെങ്കിലും മധാ ജയകുമാര്‍ പാലാരിവട്ടത്തെത്തി ചുമതലയേറ്റിരുന്നില്ല. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മധയെ തെലങ്കാനയില്‍ നിന്നുമാണ് പോലീസ് പിടികൂടുന്നത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനായാണ് മധ പണം ഉപയോഗിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനുമായി ചേർന്നാണ് ഇയാൾ ഓൺലൈൻ ട്രേഡിങ് നടത്തിയത്.