മുക്കം സ്വദേശി വി.വസീഫ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്; വൈസ് പ്രസിഡന്റായി കൊയിലാണ്ടിക്കാരന്‍ അഡ്വ.എല്‍.ജി.ലിജീഷ്


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി മുക്കം സ്വദേശി വി. വസീഫ് തെരഞ്ഞെടുക്കപ്പെട്ടു. കൊയിലാണ്ടിക്കാരനായ അഡ്വ. എല്‍.ജി.ലിജീഷാണ് സംസ്ഥാന വൈസ് പ്രസിഡന്റ്.

സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജ് തുടരും. എ.എ. റഹീം ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ വന്ന ഒഴിവിലേക്കാണ് സനോജ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. നിലവില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു വി. വസീഫ്.


വി. വസീഫ്

25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് ഡി.വൈ.എഫ്.ഐ കമ്മിറ്റി. കോഴിക്കോട് നിന്നും എട്ട് പേര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടംനേടിയിട്ടുണ്ട്. വി.വസീഫ്, എല്‍.ജി.ലിജീഷ്, പി.സി.ഷൈജു, കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ, ടി.കെ.സുമേഷ്, കെ.ഷഫീഖ്, കെ.അരുണ്‍, ദീപു പ്രേംനാഥ് എന്നിവരാണ് കോഴിക്കോടുനിന്നും സംസ്ഥാന കമ്മിറ്റിയില്‍ ഇടംനേടിയത്. വി. വസീഫ്, പി.സി.ഷൈജു, സച്ചിൻ ദേവ് എം.എൽ.എ, അഡ്വ: എൽ.ജി.ലിജീഷ് എന്നിവരാണ് കോഴിക്കോട് നിന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.

എസ്. സതീഷ്, കെ.യു.ജനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവായി. സംസ്ഥാന സമിതിയില്‍ ആദ്യമായി ട്രാന്‍സ്ജന്റര്‍ അംഗത്തെ ഉള്‍പ്പെടുത്തി. ചങ്ങനാശേരി സ്വദേശി ലയ മരിയ ജയ്‌സണ്‍ ആണ് സംസ്ഥാന സമിതിയില്‍ ഇടംനേടിയത്.

അഡ്വ: എൽ.ജി.ലിജീഷ്

ബുധനാഴ്ച പത്തനംതിട്ടയില്‍ ആരംഭിച്ച ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം സമാപിച്ചു.
[bot1]