ഇതുവരെ ബലിയിട്ടത് പതിനായിരത്തോളം ആളുകള്‍; മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ കര്‍ക്കിടക ബലിതര്‍പ്പണം രാത്രി ഏഴുവരെ


Advertisement

മൂടാടി: കര്‍ക്കിടക വാവുബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്. പുലര്‍ച്ചെ മൂന്നുമണിമുതല്‍ ആരംഭിച്ച തിരക്ക് ഇപ്പോഴും തുടരുകയാണ്. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ബലിത്തറ വിപുലീകരിച്ച് നവീകരണ പ്രവൃത്തികളെല്ലാം നേരത്തെ നടത്തിയിരുന്നു.

Advertisement

ഇതിനകം പതിനായിരത്തോളം പേരാണ് ബലിതര്‍പ്പണം നടത്തിയത്. ഒരേസമയം ആയിരംപേര്‍ക്ക് ചടങ്ങ് നടത്താനുള്ള സൗകര്യമാണ് ഒരുക്കിയത്. എരവത്ത് ഭാസ്‌കരനാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് പറമ്പത്തിന്റെ നേതൃത്വത്തില്‍ സൗകര്യങ്ങളെല്ലാം നേരത്തെ ചെയ്തിരുന്നു.

Advertisement

കടലിനഭിമുഖമായി സുരക്ഷാവേലികള്‍ തീര്‍ത്തിട്ടുണ്ട്. പൊലീസ്, ഫയര്‍ഫോഴ്‌സ്, കോസ്റ്റ്ഗാര്‍ഡ്, മെഡിക്കല്‍ ആംബുലന്‍സ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദേശീയപാതയില്‍ നിന്നും ക്ഷേത്രത്തിലേക്ക് പോകുന്നവഴിയില്‍ വാഹനഗതാഗതം അനുവദിച്ചിരുന്നില്ല. ദേശീയപാതയ്ക്ക് അരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തതിനുശേഷം ക്ഷേത്രകവാടം മുതല്‍ രണ്ടുവരിയായിട്ടാണ് ബലിതര്‍പ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിട്ടത്. അവിടെ നിന്നുതന്നെ ബലിസാധനങ്ങള്‍ വാങ്ങി ബലിത്തറയിലേക്ക് കടക്കാം.

Advertisement

ബലിതര്‍പ്പണ ചടങ്ങുകള്‍ കഴിഞ്ഞശേഷം ക്ഷേത്രക്കുളത്തില്‍ നിന്ന് കുളിക്കാം. ഷവര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്ത്രീകളടക്കമുള്ളവര്‍ക്ക് വസ്ത്രം മാറാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രഭാതഭക്ഷണവും നല്‍കുന്നുണ്ട്. രാത്രി ഏഴുമണിവരെ ബലിതര്‍പ്പണം നടത്താന്‍ സൗകര്യമുണ്ടാവും.