ഭക്തിയും ഭയവും നിറഞ്ഞ കണ്ണുകളോടെ ക്ഷേത്രനടയിലെത്തിയവര്‍; അപൂര്‍വ്വമായ അഴിമുറി തിറയാട്ടത്തിന്റെ നിര്‍വൃതിയില്‍ ഊരള്ളൂര്‍ എടവനക്കുളങ്ങര ക്ഷേത്രം
അരിക്കുളം: അഴിനോട്ടം തിറയും അഴിമുറി തിറയും അതിന്റെ പൂര്‍ണ രൂപത്തിലും ഭാവത്തിലും ഉള്‍ക്കൊണ്ടുകൊണ്ട് കെട്ടിയാടുന്ന കേരളത്തിലെ ക്ഷേത്രം, അത് അരിക്കുളം ഊരള്ളൂരിലെ എടവനക്കുളങ്ങര പരദേവതാ ക്ഷേത്രമാണ്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി ആയിരുന്നു ഇവിടുത്തെ ഈ വര്‍ഷത്തെ അഴിനോട്ടം തിറയും അഴിമുറി തിറയും. പറഞ്ഞുകേട്ടും കണ്ടറിഞ്ഞതുമായുള്ള അഴിനോട്ടം തിറയും അഴിമുറി തിറയും കാണാന്‍ നിരവധിയാളുകളാണ് ഊരള്ളൂരിലെ ക്ഷേത്രപരിസരത്തെത്തിയത്.
നിധീഷ് പെരുവണ്ണാനാണ് തിറ കെട്ടിയാടിയത്. രാത്രിയുടെ നിശബ്ദതതയില്‍ വള്ളിപ്പടര്‍പ്പുകളും മറ്റും നിറഞ്ഞ കോട്ടയുടെ പശ്ചാത്തലത്തില്‍ തോറ്റങ്ങളുടെ അകമ്പടിയും ചെണ്ടയുടെ രൗദ്രതയും, കത്തിച്ചു പിടിച്ച ചൂട്ടിന്റെയും മത്താപ്പിന്റേയും ജ്വാലയിലും അഴിയ്ക്കുമുകളില്‍ തിറയാട്ടക്കാരന്റെ ആട്ടം കാണേണ്ട കാഴ്ചയാണ്. രാത്രി 11.45 ഓടെയായിരുന്നു അഴിനോട്ടം തിറ തുടങ്ങിയത്. അഴി നിര്‍മാണം ശരിയായോ എന്ന് ദേവി പരിശോധിക്കുകയാണിവിടെ. അഴി ഇരു ഭാഗത്തേക്കും ആട്ടി നോക്കും നല്ല മെയ് വഴക്കമുള്ളവര്‍ക്ക് മാത്രം സാധ്യമാവുന്ന ഒന്ന്. ഒരു തവണ ചുവട് പിഴച്ചാല്‍… ഇവിടെയാണ് ഭക്തിയും ഭയവും ഒരുമിക്കുന്നത്. എല്ലാ അഴികള്‍ക്ക് മുകളിലും കയറി ഇരുഭാഗത്തേക്കുമായി ആട്ടി നോക്കി. ആ ആട്ടത്തിനൊപ്പം കാഴ്ചക്കാരുടെ കണ്ണുകളും നീങ്ങുന്നുണ്ടായിരുന്നു.
പുലര്‍ച്ചെ അഞ്ചരയോടെയാണ് അഴിമുറി തിറ ആരംഭിച്ചത്. ഒരു തെയ്യം കലാകാരന്റെ പകര്‍ന്നാട്ടം അതിന്റെ പാരമ്യതയില്‍ ദര്‍ശിക്കാന്‍ കഴിയുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു കെട്ടിയാട്ടമായിരുന്നു അഴിമുറി. തെയ്യം കലാകാരന്റെ കുടുംബവും ഭക്തരുമെല്ലാം ഒരു പോലെ പ്രാര്‍ഥനയില്‍ മുഴുകിയ നിമിഷം.
അഴികള്‍ക്ക് മുകളില്‍ തികഞ്ഞ അഭ്യാസിയെ പോലെ നൂണ്ട് കടന്ന് ഇരു ഭാഗത്തെയും അഴികള്‍ ആട്ടി പായിക്കും. ഇടയ്ക്കിടെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കും. ഇടയ്ക്ക് ആദ്യമുള്ള സൗമ്യഭാവം മാറി മുഖത്തും ചായത്തിലുമെല്ലാം രൗദ്രഭാവം നിറയും. മുഖത്ത് കരിയെഴുത്ത്, തലയില്‍ വെള്ള തോര്‍ത്ത് ചുറ്റിക്കെട്ട്, ഭയപ്പെടുത്തുന്ന നോട്ടം, ചൂണ്ടുവിരല്‍ മുദ്രകള്‍, കൂക്കി വിളി, തല കൊണ്ട് മാടി വിളികള്‍ അഴികളിലും നിലത്തുമുള്ള ധ്രുത പദചലനങ്ങള്‍.
ഓരോ തവണയും അഴികള്‍ക്ക് മുകളില്‍ കയറി തിരികെ ഇറങ്ങി ക്ഷേത്രമുറ്റത്തെത്തി ദേവിക്ക് മുമ്പാകെ കുമ്പിട്ടു. ഒന്‍പത് തവണ ഈ രീതിയില്‍ കയറിയിറങ്ങി. പത്താംതവണ അഴികയറാന്‍ ശ്രമിക്കവെ പതിവുപോലെ അവകാശികള്‍ അഴിമുറിച്ച് തടഞ്ഞു. ഏറെ കാത്തിരുന്ന തിറയാട്ടത്തിന് പരിസമാപ്തിയായി. ഇനി അടുത്ത കുംഭമാസത്തിനുവേണ്ടിയുള്ള കാത്തിരിപ്പാണ് ദേശക്കാര്‍ക്ക്.
Summary: Urallur Edavanakulangara Temple rare Azhimuri Thirayatam