മലയാള സിനിമയിലേക്ക് കൊയിലാണ്ടിയില്‍ നിന്നും ഒരു നായിക; മാന്‍മിയാസ് പ്രൊഡക്ഷന്‍സ് ബാനറില്‍ നിര്‍മ്മിക്കുന്ന ‘മൊത്തത്തി കൊഴപ്പാ’ ചിത്രം തിയ്യേറ്ററുകളിലേക്ക്


കൊയിലാണ്ടി: നവാഗത സംവിധായകന്‍ സോണി സംവിധാനം ചെയ്യുന്ന ‘മൊത്തത്തി കൊഴപ്പാ’ എന്ന ചിത്രം തിയ്യേറ്ററുകളിലേക്ക്. മാന്‍മിയാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കൊയിലാണ്ടി മേലൂര്‍ സ്വദേശിയും, ഗായികയുമായ സ്‌നേഹ ഉണ്ണികൃഷ്ണനാണ് നായിക.

കവിയും എഴുത്തുകാരനുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവും ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ രംഗത്തുവരുന്നു. ചിത്രത്തിന്റെ തിരക്കഥ സോണിയും വിപിന്‍ലാലും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. ചിത്രം ഡിസംബര്‍ 15 ന് തിയേറ്ററുകളിലേക്ക് എത്തും.

തെക്കന്‍ തിരുവിതാംകൂറിന്റെ സഹ്യപര്‍വ്വതമലനിരകളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്ന കഥാപശ്ചാത്തലം പിന്നീട് തമിഴ്‌നാടിന്റെ ഉള്‍ഗ്രാമങ്ങളിലേക്ക് നീളുന്നു. പുതുമുഖങ്ങളായ സോണി, സുഷാന്ത്, രതീഷ് എന്നിവര്‍ക്കൊപ്പം ടി. എസ് രാജു, നസീര്‍ സംക്രാന്തി, സുനില്‍ സുഖദ, പ്രദീപ് പ്രഭാകര്‍, പ്രവീണ്‍ മുഹമ്മ , രാജേഷ് ശര്‍മ, മോളി കണ്ണമാലി, കോട്ടയം പ്രദീപ് , കല്ല്യാണി നായര്‍ തുടങ്ങി ഒരുപിടി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

പൂവച്ചല്‍ ഖാദര്‍ ഗാനരചന നിര്‍വഹിച്ച അവസാന ചിത്രം കൂടിയാണിത്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് സതീഷ് വിശ്വ സംഗീതം നല്‍കി വിധുപ്രതാപ് , ജ്യോത്സന ,അന്‍വര്‍ സാദത്ത് എന്നിവര്‍ ആലപിച്ചിരിക്കുന്നു. കോഴിക്കോട് , മൂന്നാര്‍ , വാഗമണ്‍ , തിരുവനന്തപുരം , തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ , തിരുനെല്‍വേലി, തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങളിലായ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.