പാക്കറ്റില്‍ മുക്കാല്‍ഭാഗവും കാറ്റ്, തൂക്കത്തില്‍ കുറവ്; ലെയ്‌സ് കമ്പനിക്ക് 85,000 രൂപ പിഴയിട്ട് ലീഗല്‍ മെട്രോളജി വകുപ്പ്


തൃശൂര്‍: പ്രമുഖ ഉരുളക്കിഴങ്ങ് ചിപ്പ്‌സ് ബ്രാന്റ് ലെയ്‌സിന്റെ ഉടമസ്ഥരായ പെപ്‌സികോ ഇന്ത്യ ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് പിഴ ചുമത്തി സംസ്ഥാനത്തെ ലീഗല്‍ മെട്രോളജി വകുപ്പ്. ഭൂരിഭാഗവും കാറ്റ് നിറച്ച ലെയ്‌സ് പാക്കറ്റില്‍ രേഖപ്പെടുത്തിയ അത്ര തൂക്കം ചിപ്‌സ് ഇല്ലാത്തതിനാലാണ് പെപ്‌സികോ കമ്പനിക്ക് തൃശൂരിലെ ലീഗല്‍ മെട്രോളജി വകുപ്പ് പിഴ ചുമത്തിയത്.

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസിന്റെ പ്രസിഡന്റ് പി.ഡി.ജയശങ്കറിന്റെ പരാതിയിലാണ് നടപടി. പരാതിയില്‍ ചൂണ്ടിക്കാട്ടിയ കാഞ്ഞാണിയിലെ തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി മള്‍ട്ടി പര്‍പ്പസ് സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്‌സ് പാക്കറ്റുകള്‍ പിടികൂടിയത്. 115 ഗ്രാമിന്റെ മൂന്ന് പാക്കറ്റില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86. 380 ഗ്രാം തൂക്കമാണ് ഉണ്ടായിരുന്നതെന്നായിരുന്നു പരാതി.