നാട്ടുകാര്‍ക്ക് ആശ്വാസം, ആനക്കുളം-മുചുകുന്ന് റോഡില്‍ അടിപ്പാത യാഥാര്‍ത്ഥ്യമാകുന്നു; നിര്‍മ്മാണ പ്രവൃത്തി തുടങ്ങി


കൊയിലാണ്ടി: ദേശീയപാത 66ന്റെ കൊയിലാണ്ടി ബൈപ്പാസ് കടന്നുപോകുന്ന ആനക്കുളം-മുചുകുന്ന് റോഡില്‍ അടിപ്പാതയുടെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങി. ഞായറാഴ്ച മുതലാണ് പ്രവൃത്തി തുടങ്ങിയത്. അടിപ്പാത നിര്‍മ്മിക്കുന്ന സ്ഥലത്തിന് ചുറ്റും വേലി നിര്‍മ്മിച്ച് റോഡ് വഴിതിരിച്ച് വിട്ടിട്ടുണ്ട്.

നെല്ല്യാടി റോഡിലേതില്‍ നിന്ന് വിഭിന്നമായി ആനക്കുളം മുചുകുന്ന് റോഡിലൂടെ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാനാവും വിധമാണ് അടിപ്പാത നിര്‍മ്മിക്കുന്നത്. 12 മീറ്റര്‍ വീതിയിലാണ് അടിപ്പാത നിര്‍മ്മിക്കുന്നത്. നാലുമീറ്ററാണ് ഉയരം. മൂന്ന് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 7.72 കോടി രൂപയാണ് മുചുകുന്നിലെ അടിപ്പാതയ്ക്ക് അനുവദിച്ചിരിക്കുന്നത്.

ദേശീപാത വികസനത്തിന്റെ തുടക്കത്തിലുള്ള അലൈന്‍മെന്റില്‍ ആനക്കുളത്ത് അടിപ്പാതയുണ്ടായിരുന്നില്ല. എന്നാല്‍ ഈ പ്രദേശത്തെയും റോഡിന്റെയും പ്രാധാന്യമടക്കം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ ശക്തായി മുന്നോട്ടുവരുകയും ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രതിഷേധ സമരം നടത്തുകയും ചെയ്തു. മനുഷ്യച്ചങ്ങല അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയും അടിപ്പാതയ്ക്കുവേണ്ടി ജനങ്ങളുടെ ഒപ്പം നിന്നു. ദേശീയപാത അതോറിറ്റി അധികൃതരുമായി പലവട്ടം ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. ഈ ഇടപെടലുകളുടെ ഫലമായാണ് ആനക്കുളത്ത് അടിപ്പാത അനുവദിച്ചത്.

പ്രദേശത്തുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്നും പ്രവൃത്തി തുടങ്ങിയതോടെ ഏവരും ആശ്വാസത്തിലാണെന്നും പ്രദേശവാസിയായ ശശി.എസ്.നായര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ആനക്കുളത്തുനിന്ന് മുചുകുന്ന് ഭാഗത്തേക്ക് പോകുന്ന ഈ റോഡിനെ ആയിരക്കണക്കിന് ആളുകളുടെ ആശ്രയമാണ്. കൊല്ലം പിഷാരികാവ് ക്ഷേത്രം, പാറപ്പള്ളി മസ്ജിദ് തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് മുചുകുന്നില്‍നിന്ന് നേരിട്ടെത്താന്‍ കഴിയുന്ന റോഡ് കൂടിയാണ് ഇത്. കൂടാതെ നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന എസ്എആര്‍ബിടിഎം ഗവ. കോളേജിലേക്കുള്ള പ്രധാന വഴിയും ഇതാണ്. അകലാപ്പുഴ പാലം യാഥാര്‍ത്ഥ്യമായാല്‍ കൊയിലാണ്ടിയില്‍ നിന്നും കണ്ണൂരിലെത്താനുള്ള എളുപ്പവഴി കൂടിയാകും ഇത്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധയില്‍പ്പെടുത്തി പ്രദേശവാസികള്‍ നടത്തിയ ഇടപെടലാണ് ഫലംകാണുന്നത്.