അപകടനില തരണം ചെയ്തിട്ടില്ല, ശ്വാസകോശത്തിലെ ചതവുകൾ ഗുരുതരം; ഉമ തോമസ് വെന്‍റിലേറ്ററിൽ തുടരും
കൊച്ചി: കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ. അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്നും, ആന്തരിക രക്തസ്രാവം കൂടിയില്ലെന്നും, കൂടുതല്‍ ദിവസം വെന്റിലേഷന്‍ വേണ്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എംഎൽഎ. തലച്ചോറിനും ശ്വാസകോശത്തിനും ഏറ്റ പരുക്കാണ് ആശങ്കയായി തുടരുന്നത്. വൈറ്റൽസ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിന് ഏറ്റ ഗുരുതരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരേണ്ട സാഹചര്യമുണ്ട്. ശ്വാസകോശത്തിന്‍റെ ചതവിനായി ആന്‍റിബയോട്ടിക്കുകള്‍ നല്‍കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വിശദമായി നടത്തിയ സ്കാനിൽ അണ്‍ഡിസ്പ്ലേസ്ഡ് സെര്‍വിക്കൽ സ്പൈൻ ഫ്രാക്ചര്‍ ഉണ്ടെങ്കിൽ കൂടി അടിയന്തരമായി ഇടപെടലുകള്‍ ആവശ്യമില്ല. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിനുശേഷം ആവശ്യമെങ്കിൽ ചികിത്സാ നടപടിക്രമങ്ങള്‍ സ്വീകരിക്കാവുന്നതാണെന്നെന്നും മെഡിക്കല്‍ ബുള്ളറ്റിൻ ഇറക്കിശേഷം മെഡിക്കല്‍ സംഘം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് കൊച്ചി ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിൽ വിഐപി പവലിയനിൽ നിന്ന് ഉമ തോമസ് എംഎൽഎ താഴേക്ക് വീഴുന്നത്. തലയ്ക്ക് അടക്കം പരുക്കേറ്റ ഉമ തോമസ് കൊച്ചി റിനൈ മെഡിസിറ്റിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.
Description: Uma Thomas will remain on ventilator