ഡിജിറ്റല്‍ സാക്ഷരതയിലേക്ക് കുതിച്ച് കേരളം; നവ സാക്ഷരര്‍ക്ക് തുടര്‍പഠനത്തിന് ‘ഉല്ലാസ്’ പദ്ധതി


കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയ ഡിജി കേരളം പദ്ധതി വഴി പുതുതായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പഠിച്ച നവ സാക്ഷരര്‍ക്ക്, ഡിജിറ്റല്‍ സാക്ഷരത നിലനിര്‍ത്താന്‍ അവസരമൊരുങ്ങുന്നു. സംസ്ഥാന സാക്ഷരത മിഷന്‍ വഴി നടപ്പാക്കുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം, ‘ഉല്ലാസ്’ പദ്ധതി വഴിയാണ് ഡിജിറ്റല്‍ സാക്ഷരത നേടിയവര്‍ക്ക് തുടര്‍പഠനം നല്‍കുന്നത്. ഇതിന്റെ ഭാഗമായി സാക്ഷരത മിഷന്റെ സാക്ഷരത പാഠാവലി ഡിജിറ്റല്‍ രൂപത്തില്‍ പഠിതാവിന് ലഭൃമാക്കും.

ആദ്യ ഘട്ടത്തില്‍ കോഴിക്കോട്, കുന്നമംഗലം, കൊടുവള്ളി, ചേളന്നൂര്‍ ബ്ലോക്ക് പരിധിയിലെയും, ഫറോക്ക്, രാമനാട്ടുകര, മുക്കം നഗരസഭകളിലെയും ഡിജി കേരളം പഠിതാക്കളെയാണ് ഉല്ലാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സാക്ഷരത ക്ലാസ്സുകളും പഠിതാവിന് ലഭിക്കും. പഠനത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമായി സാക്ഷരത സര്‍ട്ടിഫിക്കറ്റ് നല്‍കും.

ഇന്‍സ്ട്രക്ടര്‍മാരായി സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ തയ്യാറുള്ള ബിരുദ പഠന വിദ്യാര്‍ത്ഥികളും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നിര്‍ബന്ധിത സാമൂഹ്യ സേവനം നല്‍കാന്‍ താല്‍പര്യമുളള സമാന്തര വിദ്യാഭ്യാസ സ്ഥാപന മേധാവികളും സിവില്‍ സ്റ്റേഷനിലുളള ജില്ലാ സാക്ഷരത മിഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് കോ ഓര്‍ഡിനേറ്റര്‍ പി വി ശാസ്ത പ്രസാദ് അറിയിച്ചു. ഫോണ്‍: 9446630185.