ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന്റെ തിളക്കത്തില്‍ തിരുവങ്ങൂര്‍ സ്‌കൂളിലെ സെന യാസറും അരിക്കുളം സ്വദേശിനി ഷദ ഷാനവാസും
കൊയിലാണ്ടി: വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന ഉജ്വല ബാല്യം പുരസ്‌കാരത്തിന് ജില്ലയിലെ നാല് മിടുക്കര്‍ അര്‍ഹരായി. പൊതു വിഭാഗത്തില്‍ പയ്യോളി സ്വദേശിയും തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ സെന യാസര്‍, ഓമശേരി സ്വദേശിയും വേനപ്പാറ ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ആഗ്ന ദേശിയും തിയാമി, ഭിന്നശേഷി വിഭാഗത്തില്‍ ചേളന്നൂര്‍ സ്വദേശിയും മാതൃബന്ധു വിദ്യശാല എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ഗൗതം, അരിക്കുളം സ്വദേശിയും ചെറുവണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയുമായ ഷദ ഷാനവാസ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ജില്ലാതലത്തില്‍ കലക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്
പയ്യോളി സ്വദേശിയും തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍കാരിയുമായ സെന യാസര്‍ വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് പ്രചോദനമേകുന്ന അധ്യാപികയാണ്. ‘എവാന്‍സോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സി’ലെ ഏവി യേഷന്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും രാത്രി ഏഴ് മുതല്‍ എട്ട് വരെയും ഒമ്പത് മുതല്‍ 10 വരെയും രണ്ട് ബാച്ചുകളിയായി ഇംഗ്ലീഷ് ക്ലാസുകള്‍ നടത്തുന്നു. 2023ല്‍ പയ്യോളി ഹൈസ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപക ദിനത്തില്‍ അധ്യാപകര്‍ക്കായി ക്ലാസെടുത്താണ് തുടക്കം.
കോവിഡ്കാലത്ത് പുസ്തക അവലോകനത്തിനായി തുടങ്ങിയ യുട്യൂബ് ചാനല്‍ മുഖേനയാണ് വ്യക്തിത്വ വികസന പരിശീലനം, പബ്ലിക് സ്പീക്കിങ് ട്രെയിനര്‍ മേഖലകളില്‍ പ്രവേശിക്കുന്നത്. ലേണിങ് പ്ലാറ്റ്‌ഫോമായ ‘ഉഡ്മി’യിലൂ ടെ ശ്രദ്ധിക്കപ്പെട്ടു. യുഎസ്, യു കെ, മെക്‌സിക്കോ, കാനഡ, മൊ റീഷ്യസ്, വെസ്റ്റ് ഏഷ്യന്‍ രാജ്യ ങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി ക്ലാസെടുത്തിട്ടുണ്ട്. കേരളമുള്‍പ്പെടെ ഇന്ത്യയിലെ ഏഴോളം സംസ്ഥാനങ്ങളിലും ക്ലാസെടുക്കുന്നു. യാസര്‍ രാരാരി ബാപ്പയും നസിരി ഉമ്മയുമാണ്. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥി മുഹമ്മദ് സഹന്‍ സഹോദരനാണ്.
വര്‍ണങ്ങളുടെ ലോകം അന്യമാണെങ്കിലും സംഗീതവും സാഹിത്യവുമെല്ലാം അരിക്കുളം സ്വദേശി ഷദ ഷാനവാസിന്റെ ഇഷ്ട വിഷയങ്ങളാണ്. ഉജ്ജ്വല ബാല്യ പുരസ്‌കാരം തേടിയെത്തിയതും ഈ മേഖലയില്‍ കഴിവ് തെളിയിച്ചതിനാണ്. കോഴിക്കോട് ചെറുവണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ പത്താം തരം വിദ്യാര്‍ഥിനിയായ ഷദ 12 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളില്‍ ഭിന്ന ശേഷി വിഭാഗത്തില്‍ നിന്നാണ് പുരസ്‌കാരത്തിനര്‍ഹയായത്. ഗ്ലൂക്കോമ ബാധിച്ച് ജന്മനാ കാഴ്ച നഷ്ടപ്പെട്ടെങ്കിലും ആഷ്ന സംഗീതം, സാഹിത്യം എന്നീ വിഭാഗങ്ങളില്‍ പൊതുവിഭാഗത്തില്‍ മത്സരിച്ച് വിജയിച്ചു എന്നത് കണക്കിലെടുത്താണ് പുരസ്‌കാരം.
പദ്യം ചൊല്ലലിലും പ്രസംഗ മത്സരത്തിലും റവന്യു ജില്ലാ മത്സരത്തില്‍ പൊതുവിഭാഗത്തില്‍ മത്സരിച്ച് ഷദ എ ഗ്രേഡ് നേടിയിരുന്നു. സോഷ്യല്‍ സയന്‍സ് ഫെയറിലും ലളിത ഗാനത്തിലും ഫാറൂക്ക് സബ് ജില്ലയില്‍ എ ഗ്രേഡ് നേടി. കഴിഞ്ഞ വര്‍ഷം പദ്യം ചൊല്ലലില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തിരുന്നു. കൊളത്തറ അന്ധവിദ്യാലയത്തിലെ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന അരിക്കുളം പറമ്പത്ത് കളരിക്കണ്ടി മീത്തല്‍ ഷാനവാസിന്റെയും ഷോണിമയുടെയും മകളാണ്. സഹോദരന്‍ ഷാമില്‍ ഷാനവാസ് ബി ടെക്ക് കഴിഞ്ഞിരിക്കുകയാണ്.
Summary: Ujjwala Balayam Award