മണിയൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ക്കുനേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ പയ്യോളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്


പയ്യോളി: മണിയൂര്‍ കരുവഞ്ചേരിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ക്കുനേരെ ബോംബെറിഞ്ഞ പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പയ്യോളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്. യു.ഡി.എഫും ആര്‍.എം.പിയും ചേര്‍ന്നാണ് മാര്‍ച്ച് നടത്തിയത്.

പൊലീസിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ കാക്കി അഴിച്ചുവെക്കാന്‍ തയ്യാറാവണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. ‘നാണക്കേടേ നിന്റെ പേരോ പൊലീസ്” എന്നും അദ്ദേഹം പരിഹസിച്ചു. സുവ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും ബോബെറിഞ്ഞ പ്രതികളെ പിടിക്കാതെ സി.പി.എമ്മിനെ രക്ഷപ്പെടുത്താന്‍ സമാധാനയോഗവുമായി ഇറങ്ങിയിരിക്കുകയാണ് പൊലീസെന്നും അദ്ദേഹം പറഞ്ഞു.

പയ്യോളി ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് സൂചന സമരം മാത്രമാണെന്നും നടപടികളുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

യു.ഡി.എഫ് മണിയൂര്‍ പഞ്ചായത്ത് ചെയര്‍മാന്‍ അഷ്‌റഫ് ചാലില്‍ അധ്യക്ഷത വഹിച്ചു. മാര്‍ച്ചിന് വി.കെ.പ്രകാശന്‍, ശ്രീധരന്‍ തുളസി, ബവിത്ത് മലോല്‍, പി.പി.വിശ്വനാഥന്‍, സബിത മണക്കുഴി, രാമചന്ദ്രന്‍ കോളായി എന്നിവര്‍ നേതൃത്വം നല്‍കി. മഠത്തില്‍ നാണു, മഠത്തില്‍ അബ്ദുറഹ്‌മാന്‍, രാജേഷ് കീഴരിയൂര്‍, അച്യുതന്‍ പുതിയേടത്ത്, എം.കെ.ഹമീദ്, പി.സി.ഷീബ, ബാബു ഒഞ്ചിയം തുടങ്ങിയവര്‍ സംസാരിച്ചു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് മണിയൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു.