‘സംസ്ഥാന സർക്കാറിന്റെ ഉത്തരവിലൂടെ നഷ്ടമായത് കൊയിലാണ്ടിക്കായുള്ള നാല് കോടി രൂപ’; നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി
കൊയിലാണ്ടി: നഗരസഭാ കൗൺസിൽ യോഗത്തിൽ നിന്ന് യു.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി. സംസ്ഥാന സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലിൽ യു.ഡി.എഫ്. കൗൺസിലർമാർ അവതരിപിച്ച പ്രമേയം തള്ളിയതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഇറങ്ങിപ്പോയത്.
സംസ്ഥാന സർക്കാർ ഈ സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള റോഡിതര മെയിൻ്റെ നൻസ് ഫണ്ട് വിഹിതവും, റോഡ് മെയിൻ്റനൻസ് ഫണ്ട് വിഹിതവും 2020-21 വർഷത്തിന് ആനുപാതികമായി മാത്രമേ അനുവദിക്കുകയുള്ളൂവെന്നാണ് തീരുമാനിച്ചത്. സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുക തന്നെ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗൺസിലർമാരായ കെ.എം.നജീബും, പി. ജമാലും അവതരിപ്പിച്ച പ്രമേയമാണ് ചെയർപേഴ്സൺ തളളിയത്.
കൊയിലാണ്ടി നഗരസഭയിലെ റോഡുകൾക്കും മറ്റും വേണ്ടി ഉപയോഗിക്കേണ്ട നാല് കോടി തൊണ്ണൂറ്റി ഒന്നായിരം രൂപയാണ് സർക്കാർ ഉത്തരവിലൂടെ നഷ്ടമാവുന്നത്. ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് തള്ളിയതെന്ന് യു.ഡി.എഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.
പ്രമേയം തള്ളിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവ് പി.രത്നവല്ലി, വി.പി.ഇബ്രാഹിം കുട്ടി, കെ.എം.നജീബ്, മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, പി.ജമാൽ, വത്സരാജ് കേളോത്ത്, വി.വി.ഫക്രുദ്ദീൻ, അരീക്കൽ ഷീബ, ജിഷ പുതിയേടത്ത്, കെ.ടി.വി.റഹ്മത്ത്, ദൃശ്യ, ഷൈലജ, കെ.എം.സുമതി എന്നിവർ പങ്കെടുത്തു.