പിഷാരികാവ് ക്ഷേത്രത്തിലേക്ക് പോവുന്നതിനിടെ കീഴരിയൂര്‍ സ്വദേശിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച കേസ്; കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ പിടിയില്‍
കൊയിലാണ്ടി: കൊല്ലത്ത് വെച്ച് സ്ത്രീയുടെ രണ്ട് പവന്‍ വരുന്ന സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. മയ്യില്‍ പുത്തന്‍പുരയില്‍ ഹൗസില്‍ സനിത്ത്(26), നാറാത്ത് പുലിയൂറുമ്പില്‍ അതുല്‍ ബാബു(24) എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് വച്ചാണ് പ്രതികള്‍ പോലീസ് പിടിയിലായത്.
ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം ആറ് മണിയോടെ കുടുംബത്തോടൊപ്പം കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൊഴാന്‍ പോവുകയായിരുന്ന കീഴരിയൂര്‍ സ്വദേശിയായ അഞ്ജന സുബിന്‍ എന്ന സ്ത്രീയുടെ മാലയാണ് പ്രതികള്‍ പിടിച്ചു പറിച്ചത്. കണ്ണൂരില്‍ നിന്നും മോഷ്ടിച്ച് ബൈക്കുമായി വരുംവഴിയായിരുന്നു പിടിച്ചുപറി.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും ഫോണ്‍ ലോക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി സിഐ മെൽവിൻ ജോസിന്റെ നേതൃത്വത്തിൽ എസ്ഐ ജിതേഷ്, കെ.ആർ കരിം, ദിലീപ് ,അജിത്ത്, വിജു, ബിനോയി രവി, സതീഷ്, ബിജു വാണിയംകുളം, ഡ്രൈവര്‍ ഗംഗേഷ്, എസ്സിപി ഒ.കെ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.