ഉടമയുടെ ഫോണിൽ സന്ദേശമെത്തി, ബാറ്ററി മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിക്കവെ ചങ്ങരോത്ത് സ്വദേശികളായ യുവാക്കൾ പിടിയിൽ; കുടുക്കിയത് ജി.പി.എസ്


പേരാമ്പ്ര: വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച കേസിൽ ചങ്ങരോത്ത് സ്വദേശികളായ രണ്ട് യുവാക്കളെ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരോത്ത് കുത്തുപറമ്പിൽ മുഹമ്മദ് ഷാഹിൽ (20), തെക്കേടത്ത് കടവ് എടവലത്ത് ഷലൂൽ (18) എന്നിവരാണ് അറസ്റ്റിലായത്. കൂത്താളി കേളന്‍ മുക്കിലെ കുഞ്ഞോത്ത് നിന്നും നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്. ഇന്നലെ പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.

കൂത്താളി സ്വദേശി മുഹമ്മദ് ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള ലോറി ഡ്രൈവറുടെ വീടിനുസമീപം നിർത്തിയിട്ടതായിരുന്നു. ജീപി ആര്‍ എസ് ഘടിപ്പിച്ച ടിപ്പറില്‍ നിന്നും ബാറ്ററി മോഷണം നടത്തുന്നതിനിടയില്‍ ഉടമയുടെ ഫോണിൽ സന്ദേശമെത്തി. തുടർന്ന് ഷെരീഫ് ഡ്രെെവറെ വിവിരമറിയിക്കുകയായിരുന്നു. ഡ്രൈവര്‍ വീടിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വന്നപ്പോര്‍ ലോറിക്ക് സമീപത്തു നിന്ന് ഒരു കാര്‍ ഓടിച്ച് പോവുന്നതാണ് കണ്ടത്. പിന്തുടർന്നപ്പോൾ പന്തിരിക്കരയ്ക്കടുത്തുള്ള വലിയ പറമ്പ് ഭാഗത്ത് വെച്ച് ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പെരുവണ്ണാമൂഴി പോലീസിൽ വിവിരമറിയിച്ചു.

പോലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്ന് ഏഴ് ബാറ്ററികൾ കണ്ടെത്തി. ഇതിനിടയിൽ സംഘത്തിലുണ്ടായിരുന്ന ഓരാൾ ഓടി രക്ഷപ്പെട്ടു. പിടിയിലായവരെ പിന്നീട് പേരാമ്പ്ര പോലീസിന് കൈമാറുകയായിരുന്നു. പിടികൂടിയ ബാറ്ററികളിൽ നാലെണ്ണം നാദാപുരം ചേലക്കാട് നിന്നും എടവരാട്, എരവട്ടൂർ മേഖലയിൽനിന്ന് ഓരോ വണ്ടിയുടെ ബാറ്ററിയുമാണ് മോഷ്ടിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തതായി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Summary: Two youth from Changaroth were caught while trying to steal the battery from tipper lorry.