ഉറങ്ങുന്നതിനിടെ കിടക്ക ദേഹത്തുവീണു; മുക്കം മണാശ്ശേരിയില്‍ രണ്ടുവയസുകാരന്‍ മരിച്ചു


മുക്കം: ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക ദേഹത്തുവീണ് രണ്ടുവയസുകാരന്‍ മരിച്ചു. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപ് ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയായിരുന്നു സംഭവം. ജെഫിന്‍ ഉറങ്ങുകയായിരുന്നു. കുട്ടിയെ കിടത്തിയശേഷം അമ്മ കുളിക്കാന്‍ പോയ സമയത്ത് ചുമരില്‍ ചാരിവെച്ചിരുന്ന കിടക്ക തലയിലൂടെ വീണാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.