എം.ഡി.എം.എയുമായി എലത്തൂര്‍ സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ മലപ്പുറത്ത് പിടിയില്‍


എലത്തൂര്‍: 12 ഗ്രാം എം.ഡി.എം.എയുമായി എലത്തൂര്‍ സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ മലപ്പുറത്ത് പിടിയില്‍. എലത്തൂര്‍ സ്വദേശി പൂക്കാട്ട് വീട്ടില്‍ നവനീത് (25), കാരപ്പറമ്പ് സ്വദേശി പട്ടോത്ത് വീട്ടില്‍ അക്ഷയ് (29) എന്നിവരാണ് പിടിയിലായത്.

തിരൂര്‍ – താനൂര്‍ ഭാഗങ്ങളില്‍ വിതരണത്തിന് കൊണ്ടുവന്നതാണ് മയക്കു മരുന്നെന്ന് പ്രതികളില്‍ നിന്നും വിവരം ലഭിച്ചു. ഈ ഭാഗങ്ങളില്‍ നിന്നുള്ള പ്രതികളുടെ കൂട്ടാളികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

തിരൂരില്‍ വാക്കാട് ഭാഗത്ത് വെച്ച് മോട്ടോര്‍സൈക്കിളില്‍ പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും തിരൂര്‍ പോലീസും ശനിയാഴ്ച വൈകുന്നേരമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ മയക്കുമരുന്നുമായി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.