10 ദിവസത്തിനിടെ ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത് രണ്ടുപേർ; ജാ​ഗ്രത വേണം, രോ​ഗപ്രതിരോധ മാർ​ഗങ്ങളെ കുറിച്ച് വിശദമായി നോക്കാം


കോഴിക്കോട്: മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ജില്ലയിൽ രണ്ട് പേർ മഞ്ഞപ്പിത്തം ബാധിച്ചു മരണപ്പെട്ട സാഹചര്യത്തിലും രോഗികൾ കൂടുന്ന സാഹചര്യത്തിലുമാണിത്. ചെക്യാട്, കിഴക്കോത്ത് എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. കരുതൽ ഇല്ലെങ്കിൽ മഞ്ഞപ്പിത്തം വർധിച്ച തോതിലുള്ള രോഗ പകർച്ചക്ക് ഇടയാക്കും.

എന്താണ് മഞ്ഞപ്പിത്തം

കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാൽ ഇത് മരണത്തിന് വരെ കാരണമാകാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് A, B, C, D, E എന്നിങ്ങനെയുള്ള വ്യത്യസ്ത വൈറസ് അണുബാധയാണ് . രോഗ ഹേതുവെങ്കിലും വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന (fecal-oral transmission, ഹെപ്പറ്റൈറ്റിസ് A വിഭാഗത്തിൽപെട്ട) വൈറസ് അണുബാധയാണ് മുഖ്യമായും നമ്മുടെ നാട്ടിൽ കാണുന്ന മഞ്ഞപ്പിത്തത്തിന്റെ കാരണം.

ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാത്തതാണ് പലപ്പോഴും രോഗത്തെ ഗുരുതരമാക്കുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ത്വക്കും, കണ്ണും മഞ്ഞ നിറത്തിലാവുക, ഛർദി, ഓക്കാനം, പനി, ക്ഷീണം, വയറ് വേദന, മൂത്രത്തിലെ  നിറം മാറ്റം തുടങ്ങിയവയാണ്. സ്വയം ചികിത്സ രോഗിയുടെ ജീവന് തന്നെ ഭീഷണി ആകാവുന്നതിനാൽ രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാൽ

മഞ്ഞപ്പിത്തം വന്നാൽ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. പഴങ്ങളും, പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും, തിളപ്പിച്ചാറിയ വെള്ളം ധാരാളമായി കുടിക്കുകയും ചെയ്യണം.

അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കുറയ്ക്കുക, തണുത്തതും തുറന്ന് വെച്ചതുമായ  ആഹാര പദാർത്ഥങ്ങൾ ഒഴിവാക്കുക, ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപ് കൈകൾ വൃത്തിയായി കഴുകുക എന്നീ ശീലങ്ങൾ പാലിക്കണം.

രോഗ പ്രതിരോധ മാർഗങ്ങൾ

1. തിളപ്പിച്ചാറിയ  വെള്ളം മാത്രം കുടിക്കുക
2. ആഹാരത്തിന് മുൻപും ശേഷവും  മലമൂത്ര  വിസർജ്ജനത്തിന്  ശേഷവും  കൈകൾ സോപ്പ് ഉപയോഗിച്ച്  വൃത്തിയായി കഴുകുക.
3. മലമൂത്ര  വിസർജ്ജനം  കക്കൂസിൽ മാത്രം നടത്തുക.
4. ശീതള പാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവ  ശുദ്ധ ജലത്തിൽ  മാത്രം തയ്യാറാക്കുക.
5. കുടിവെള്ള സ്രോതസ്സുകളിലും, കിണറുകളിലും   ക്ളോറിനേഷൻ  നടത്തുക.
6. നഖം  വെട്ടി  വൃത്തിയായി സൂക്ഷിക്കുക.
7. കുടിവെള്ളവും ആഹാര  സാധനങ്ങളും   ഈച്ച കടക്കാത്ത വിധം എപ്പോഴും അടച്ചു സൂക്ഷിക്കുക.
8. പച്ചക്കറികളും  പഴവർഗങ്ങളും   നല്ലവണ്ണം കഴുകിയ ശേഷം മാത്രം  ഉപയോഗിക്കുക.
9. കിണർ വെള്ളം  മലിനപ്പെടാനുള്ള  സാധ്യത ഒഴിവാക്കുക.
10. വീടും പരിസരവും  മാലിന്യങ്ങൾ കുമിഞ്ഞു കൂടാതെ വൃത്തിയായി സൂക്ഷിച്ച്  ഈച്ച പെരുകുന്നത് തടയുക.


സാംക്രമിക രോഗങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് സംശയനിവാരണം വരുത്താം

സാംക്രമിക രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കുപ്പനി, എലിപ്പനി മുതലായവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് സംശയനിവാരണത്തിനും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ജില്ലാ മെഡിക്കൽ ഓഫീസിലെ സാംക്രമിക രോഗ നിയന്ത്രണ സെല്ലുമായി ബന്ധപ്പെടാം. 0495-237390 എന്ന നമ്പറിൽ രാവിലെ 10നും വൈകുന്നേരം അഞ്ചിനുമിടയിൽ വിളിക്കാം.