വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടുപേര്‍ മരിച്ച സംഭവം; മരണകാരണം എസി ഗ്യാസ് ലീക്കായതോ? അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
വടകര: കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. എ.സിയിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്ന സംശയമുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും.
ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവരെല്ലാം ഇന്ന് വിശദമായ പരിശോധന നടത്തും. രാത്രിയിലുള്ള പരിശോധന ഫലപ്രദമാകില്ലെന്നതിനാലാണ് എല്ലാ പരിശോധനയും പകല്‍സമയത്തേക്ക് മാറ്റിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് കരിമ്പനപ്പാലം കെ.ടി.ഡി.സിയുടെ ആഹാർ റസ്റ്റോറന്റിന് സമീപത്തായി നിർത്തിയിട്ട വാഹനത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം മുടപ്പിലാശേരി പരിയാരത്ത് വീട്ടിൽ മനോജ് കുമാർ (27), കണ്ണൂർ തിമിരി തട്ടുമ്മൽ നെടുംചാലിൽ പറശേരി വിട്ടിൽ ജോയൽ (26) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി തന്നെ കാരവാന് റോഡരികില്‍ നിർത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകീട്ട് സമീപവാസിക്ക് വന്ന ഫോണ്‍ കോള്‍ വിവരം അനുസരിച്ചാണ് നാട്ടുകാർ വാഹനത്തിനടുത്തെത്തി പരിശോധിച്ചത്. പരിശോധനയിൽ ഡോറിന് സമീപത്തായി ഒരാൾ കിടക്കുന്ന നിലയിൽ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മറ്റൊരാൾ വാഹനത്തിന്റെ ബർത്തിലും മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്.
മലപ്പുറം എടപ്പാളിൽ ഫ്രണ്ട് ലൈൻ ഹോസ്പിറ്റാലിറ്റി പ്രോപ്പർട്ടി മാനേജ്മെന്റ് സ്ഥാപനത്തിന്റേതാണ് വാഹനം. KL 54 P 1060 വാഹനത്തിൽ എടപ്പാളിൽനിന്നും വിവാഹ പാർട്ടിയെ ഞായറാഴ്ച വൈകീട്ട് 3.30ഓടെ കണ്ണൂരിൽ ഇറക്കി തിരിച്ചുവരുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ മലപ്പുറത്ത് ഇവർ വാഹനവുമായി എത്തേണ്ടിയിരുന്നതാണ്.
Summary: Two people died in a caravan at Vadakara Karimbapanapalam; Cause of death AC gas leak? The police intensified the investigation.