മരണക്കെണികളായി ജില്ലയിലെ കുളങ്ങള്‍; ചെറുവണ്ണൂരിലും എടച്ചേരിയിലും കുളത്തില്‍ മുങ്ങി രണ്ട് മരണം; ചെറുവണ്ണൂരില്‍ മരിച്ചത് പതിമൂന്നുകാരന്‍


കോഴിക്കോട്: ജില്ലയില്‍ രണ്ടിടങ്ങളിലായി കുളത്തില്‍ മുങ്ങി രണ്ട് പേര്‍ മരിച്ചു. വടകരയ്ക്കടുത്ത് എടച്ചേരിയിലും കോഴിക്കോട് ചെറുവണ്ണൂരിലുമാണ് ദാരുണമായ മരണങ്ങളുണ്ടായത്. പതിമൂന്നുകാരനാണ് ചെറുവണ്ണൂരില്‍ മരിച്ചത്.

എടച്ചേരി ആലിശ്ശേരി അമ്പലക്കുളത്തിലാണ് അപകടമുണ്ടായത്. മീത്തലെ മാമ്പയില്‍ അഭിലാഷാണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു. പൂര്‍ണ്ണമായും പായലും ചെളിയും നിറഞ്ഞ കുളത്തില്‍ രാവിലെ 10 മണിയോടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

തുടര്‍ന്ന് എടച്ചേരി പൊലീസ് നാദാപുരം ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ സുജേഷ് കുമാര്‍, ഷമേജ് കുമാര്‍ ടി, വിനോദന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാദാപുരം, പേരാമ്പ്ര സ്‌ക്യൂബ ടീം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സ്‌ക്യൂബ ടീമംഗങ്ങളായ സുകേഷ് കെ.ബി, സത്യനാഥ് പി.ആര്‍ എന്നിവരാണ് മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് ചെറുവണ്ണൂര്‍ വില്ലേജില്‍ കൊളത്തറ അറക്കല്‍ പാടം അമ്മോത്ത് വീട്ടില്‍ മുസാഫിറിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദാണ് കുളത്തില്‍ വീണ് മരിച്ചത്. മദ്രസ വിട്ട് പോകുമ്പോള്‍ വലിയ പറമ്പ് കുളത്തില്‍ മിര്‍ഷാദ് വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം കോയാസ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.