ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപകടം; കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്‌ സമീപം രണ്ടു പശുക്കൾ തീവണ്ടി തട്ടി മരിച്ചു, ഒരു പശുവിന് ഗുരുതര പരിക്ക്‌


കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്‌ സമീപം രണ്ടു പശുക്കൾ തീവണ്ടി തട്ടി മരിച്ചു. ഒരു പശുവിന് ഗുരുതര പരിക്ക്‌. ഇന്നലെ വൈകുന്നേരം 6.30ഓടെ ഒന്നാമത്തെ പ്ലാറ്റ് ഫോമിലായിരുന്നു സംഭവം. നേത്രാവതി എക്സ്‌പ്രസാണ് പശുക്കളെ ഇടിച്ചത്.

രാത്രിയോടെ ട്രാക്ക് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ രണ്ടു പശുക്കളുടെയും ശരീരം ചിന്നഭിന്നമായി. സംഭവത്തെ തുടർന്ന് നേത്രാവതി അൽപ സമയം കൊയിലാണ്ടിയിൽ പിടിച്ചിട്ടു. കൊയിലാണ്ടിയിലെ സ്വകാര്യ വ്യക്തിയുടെതാണ് പശുക്കൾ.

പരിക്കേറ്റ മൂന്നാമത്തെ പശുവിനെ റെയില്‍വേ ട്രാക്കില്‍ നിന്നും മാറ്റി. സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ പാസഞ്ചർ അല്പനേരം സ്റ്റേഷനു സമീപം പിടിച്ചിട്ടിരുന്നു. പശുക്കളുടെ ഉടമസ്ഥനെ കൊയിലാണ്ടി പോലീസും റെയില്‍വേ പോലീസും തിരയുന്നുണ്ട്.