ഫാറ്റി ലിവറിനെ നിസാരമായി കാണരുതേ; കരളിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ


വ്യായാമത്തിന്റെ കുറവും ഭക്ഷണരീതിയില്‍ വന്ന മാറ്റവും കാരണം ഇന്ന് പലരിലും കണ്ടു വരുന്ന അസുഖമാണ് ഫാറ്റി ലിവര്‍. കരളില്‍ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. പലപ്പോവും രോഗലക്ഷണങ്ങള്‍ കൂടുതലായി പുറത്തുകാണിക്കാറില്ല. ചെറിയ തോതില്‍ രോഗം ബാധിച്ചവര്‍ക്ക് വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും രോഗം മാറ്റിയെടുക്കാന്‍ സാധിക്കും. എന്നാല്‍ അമിതമായ രോഗം ബാധിച്ചവരില്‍ കരള്‍ മാറ്റി വയ്ക്കല്‍ ആണ് ചികില്‍സ.

മദ്യപിക്കുന്നവരില്‍ തൊണ്ണൂറ് ശതമാനം ആളുകളിലും ഫാറ്റി ലിവര്‍ കണ്ടുവരുന്നുണ്ട്. ഫാറ്റി ലിവര്‍ ചിലപ്പോള്‍ ഹെപ്പാറ്റിക് ഫൈബ്രോസിസ് അല്ലെങ്കില്‍ ലിവര്‍ ക്യാന്‍സര്‍ എന്നിവയായി വികസിക്കാന്‍ സാധ്യതയുണ്ട്. ഫാറ്റി ലിവറിനെ ചെറുക്കാന്‍ നിത്യ ജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

ഇനോര്‍ഗാനിക് നൈട്രേറ്റ് അടങ്ങിയ പച്ച ഇലക്കറികള്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുന്നു. മറ്റ് ഇലക്കറികളും വലരെ നല്ലതാണ്. ഇലക്കറികളില്‍ ധാരാളം ആന്റിഓക്സിഡന്റ് ഗ്ലൂത്തയോണ്‍, വിറ്റാമിന്‍ ഇ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് കരളിന്റെ വീക്കവും കരളിലെ കൊഴുപ്പും കുറച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങള്‍ കരളിന്റെ ആരേഗ്യത്തിന് പ്രധാനമായും കഴിക്കേണ്ടവയാണ്. കരളിനെ ഓക്സിഡേറ്റീവ് കേടുപാടുകളില്‍ നിന്നും രക്ഷിക്കാന്‍ ഇവ സഹായിക്കുന്നു.

അയ്ല, ചാള, മത്തി തുടങ്ങിയ മല്‍സ്യങ്ങളില്‍ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കരള്‍ വീക്കം കുറക്കാന്‍ സഹായിക്കുന്നു.

ഓട്സ്, ബ്രൗണ്‍ റൈസ് എന്നിവയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ ഇവയെല്ലാം കരളില്‍ രൂപപ്പെടുന്ന രോഗങ്ങളെ തടയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ഇന്‍സുലിന്റെ പ്രതിരോധം കുറക്കുകയും ചെയ്യുന്നതിലൂടെ കരളില്‍ അടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

അവക്കാഡോയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള നാരുകളും ശരീരഭാരം കുറക്കാന്‍ സഹായിക്കുന്നവയാണ്. കൂടാതെ അവക്കാഡോയില്‍ ഉള്ള കൊഴുപ്പ് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള പാനീയമാണ് ഗ്രീന്‍ ടീ. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നു. കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ബദാം, വാള്‍നട്ട്, പരിപ്പ്, ചിയാ വിത്തുകള്‍ എന്നിവയിലെല്ലാം ആരോഗ്യകരമായ കൊഴുപ്പും ധാരാളം നാരുകളും ഉള്‍പ്പെട്ടിരിക്കുന്നു. ഇവ ആന്റി ഓക്സിഡന്റുകളുടെ കലവറ കൂടിയാണ്. ഇവയെല്ലാം കരളില്‍ ഉണ്ടാകുന്ന എന്‍സൈമിന്റെ അളവ് കുറക്കുകയും കരള്‍ വീക്കം കുറക്കുകയും ചെയ്യുന്നു.