സ്വര്‍ണ്ണമിശ്രിതം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു; കൊടുവള്ളി, പൂനൂര്‍ സ്വദേശികൾ പിടിയിൽ



കോഴിക്കോട്: അനധികൃതമായി കടത്തിയ സ്വർണ്ണവുമായി രണ്ട് കോഴിക്കോട് സ്വദേശികൾ പിടിയിൽ പൂനൂര്‍ സ്വദേശി ഹാരിസ് (40), കൊടുവള്ളി വട്ടപ്പൊയില്‍ സ്വദേശി ഉസ്മാൻ എന്നിവരാണ് പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണവുമായാണ് ഇരുവരും പിടിയിലായത്.

ഹാരിസില്‍നിന്ന് 979 ഗ്രാം സ്വര്‍ണ്ണമിശ്രിതം കണ്ടെടുത്തു. നാല് ലക്ഷത്തിലധികം രൂപ വിലമതിക്കും. ഉസ്മാനില്‍നിന്ന് 808 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് പിടികൂടിയത്.

റിയാദില്‍നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെ എത്തിയതാണ് ഹാരിസ്. കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. എക്‌സ്‌റേ പരിശോധനയില്‍ മിശ്രിത രൂപത്തിലുള്ള സ്വര്‍ണ കാപ്‌സ്യൂളുകള്‍ ശരീരത്തിനകത്ത് കണ്ടെത്തി. ഇയാളെ എയര്‍ കസ്റ്റംസിന് കൈമാറും.

കരിപ്പൂർ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാ​ഗമാണ് ഉസ്മാനെ പിടികൂടിയത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. എക്സ്റേ പരിശോധനയിൽ മലദ്വാരത്തിൽ ക്യാപ്സൂള്‍ രൂപത്തില്‍ സ്വർണ മിശ്രിതം  ഒളിപ്പിച്ചുവച്ചതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാപ്സൂളുകളായാണ് 808 ഗ്രാം സ്വർണം സൂക്ഷിച്ചിരുന്നത്.

കസ്റ്റംസിന് മുൻപ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഇയാളെ വിശദമായി പരിശോധിച്ചത്. ആദ്യം കുറ്റം സമ്മതിക്കാൻ ഉസ്മാൻ തയാറായിരുന്നില്ല. പിന്നീട് എക്സ്റേ പരിശോധനയിലാണ് മൂന്ന് ക്യാപ്സൂളുകൾ മലദ്വാരത്തിനുള്ളിൽ ഉള്ളതായി കണ്ടെത്തിയത്. കസ്റ്റംസ്  തുടർ നടപടികൾ സ്വീകരിച്ചു.

 

Summary: Tried to smuggle the gold alloy hidden in the body; Residents of Koduvalli and Poonur arrested