അരൂര്‍-തണ്ണീര്‍പ്പന്തല്‍ റോഡില്‍ യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം കടപുഴകി വീണു: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


നാദാപുരം: അരൂര്‍ തണ്ണീര്‍പ്പന്തല്‍ റോഡില്‍ യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കൂറ്റന്‍ മരം കടപുഴകി വീണു. യാത്രക്കാരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

പുറമേരിയില്‍ നിന്നും മഹിളാ അസോസിയേഷന് പോകുകയായിരുന്ന സംഘമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. പുറമേരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പ്രസീത കല്ലുള്ളതില്‍, മഹിളാ അസോസിയേഷന്‍ ഏരിയ കമ്മിറ്റി അംഗം രമ മടപ്പള്ളി, ഓട്ടോ ഡ്രൈവര്‍ വെളുത്തപറമ്പത്ത് ബാബു എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

മരം റോഡിലേക്ക് ചെരിയുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവറുടെ ഇടപെടലാണ് മൂന്നു ജീവനുകള്‍ക്ക് രക്ഷയായത്. ഡ്രൈവര്‍ ഓട്ടോ റോഡിന്റെ വലതുഭാഗത്തേക്ക് വെട്ടിച്ചുമാറ്റുകയായിരുന്നു. എങ്കിലും മരത്തിന്റെ ഒരു ഭാഗം ഓട്ടോയ്ക്ക് മുകളില്‍ പതിച്ചു. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തി യാത്രക്കാരെ ഓട്ടോയില്‍ നിന്ന് ഇറക്കി.

ചേലക്കാട് നിന്നെത്തിയ ഫയല്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി.