മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം; ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തവര്‍ക്കെതിരെ ഇനി കര്‍ശന നടപടി, സ്റ്റിക്കര്‍ നിര്‍ബന്ധമാക്കും
തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ മീറ്റര്‍ ഉണ്ടായിട്ടും പ്രവര്‍ത്തിപ്പിക്കാത്തവര്‍ക്കെതിരെ ഇനി കര്‍ശന നടപടി. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനമായത്. മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷയില്‍ പതിപ്പിക്കണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
ഓട്ടോറിക്ഷയുടെ ഫിറ്റ്‌നസ് പരിശോധനയില്‍ ഈ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കും. ഫെബ്രുവരി ഒന്ന് മുതല്‍ ഈ തീരുമാനം നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു അറിയിച്ചു. ഇക്കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യും.
ബസ് ഡ്രൈവര്‍മാര്‍, വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിച്ച് മുന്നറിയിപ്പ് അലാം നല്‍കുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിര്‍ദേശവും യോഗം ശുപാര്‍ശ ചെയ്തു. ഡ്രൈവറുടെ കണ്ണുകള്‍ അടഞ്ഞു പോകുന്നുവെങ്കില്‍ കണ്ടെത്തി മുന്നറിയിപ്പ് നല്‍കുന്ന കാമറകള്‍ ഘടിപ്പിക്കുന്ന ഉപകരണമാണിത്. ഡാഷ് ബോര്‍ഡില്‍ കാമറകള്‍ സ്ഥാപിക്കും. ഡ്രൈവറുടെ സീറ്റിന്റെ പിന്നില്‍ കര്‍ട്ടന്‍ നിര്‍ബന്ധമാക്കും.