ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടി കൊയിലാണ്ടിയിലെ കൊല്ലം അങ്ങാടി; ഗേറ്റടച്ചാല്‍ ദേശീയപാതവഴിപോലും വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയാത്തത്ര കുരുക്ക്


കൊയിലാണ്ടി: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുണ്ടി കൊയിലാണ്ടി കൊല്ലം അങ്ങാടി. കൊല്ലം നെല്ല്യാടി ഭാഗത്തേക്കുള്ള റെയില്‍വേ ഗേറ്റാണ് ഗതാഗതക്കുരുക്കിന് വഴിവെക്കുന്നത്. ഗേറ്റ് അടച്ച് മൂന്നോ നാലോ മിനിറ്റിനുള്ളില്‍ തന്നെ വാഹനങ്ങള്‍ ദേശീയാപതവരെ നീളുന്ന സ്ഥിതിയാണ്. ഇതോടെ ദേശീയപാത വഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. കാര്യമായ സിഗ്നല്‍ സംവിധാനമോ പാര്‍ക്കിങ് സൗകര്യമോ ഈ മേഖലയില്‍ ഇല്ലാത്തതും പ്രശ്‌നമാണ്.

ഈ അവസ്ഥയില്‍ കുരുക്കഴിക്കുകയെന്നത് ട്രാഫിക് പൊലീസിനെ സംബന്ധിച്ചും ബുദ്ധിമുട്ടാണ്. കൊല്ലം ഗേറ്റില്‍ മേല്‍പ്പാലം എന്നത് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. നേരത്തെ സര്‍ക്കാറിന്റെ ആലോചനയില്‍ ഇക്കാര്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മേല്‍പ്പാലത്തെക്കുറിച്ചുള്ള ചര്‍ച്ചയൊന്നും നടക്കുന്നില്ല.

നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് ആണ് ഇപ്പോള്‍ ആകെയുള്ള പ്രതീക്ഷ. ബൈപ്പാസ് തുറന്നാല്‍ കൊല്ലം അങ്ങാടിയിലേക്കുള്ള ഗതാഗതക്കുരുക്ക് കുറേയൊക്കെ അഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൈപ്പാസിന്റെ പ്രവൃത്തി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം.