കൊയിലാണ്ടി നഗരത്തിൽ വൻ ഗതാഗത കുരുക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയിൽ അതി രൂക്ഷമായ ഗതാഗത കുരുക്ക്. വിജയദശമി ദിനത്തോടനുബന്ധിച്ച് ആർ.എസ്.എസ്സിന്റെ നേതൃത്വത്തിലുള്ള റൂട്ട് മാർച്ച് ആണ് ഗതാഗതം സ്തംഭിപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് മാർച്ചിൽ പങ്കെടുത്തത്.

നാലു മണിക്ക് ശേഷമാണ് ഗതാഗതം സ്തംഭിച്ചത്. രാഷ്ട്ര സ്വയം സേവക സംഘത്തിന്റെ വടകര ജില്ലയുടെ നേതൃത്വത്തിലാണ് റൂട്ട് മാർച്ച് നടത്തിയത്. ദേശീയപാതയിലും, കൊയിലാണ്ടി, ഉള്ളിയേരി ഭാഗങ്ങളിലേക്കുള്ള ഓവർ ബ്രിഡ്ജിലടക്കം നീണ്ട കുരുക്കാണ് അനുഭവപ്പെടുന്നത്. കൊയിലാണ്ടി മുതൽ ചെങ്ങോട്ടുക്കാവ് വരെയും മറുഭാഗത്ത് നന്തി വരെയും കുരുക്ക് തുടരുകയാണ്.

റോഡിൻറെ മധ്യത്തിൽ ആയി ആണ് റൂട്ട് മാർച്ച് നടത്തിയത്. ചെറു വാഹനങ്ങൾ പോലും പോകാനാവാത്ത വിധത്തിൽ ആർ.എസ്.എസ് പ്രവർത്തകർ റോഡ് തടയുകയായിരുന്നു.

വിജയദശമി ദിനമായ ഇന്ന് വിദ്യാരംഭത്തോടും അനുബന്ധ ആഘോഷങ്ങളോടും ചേർന്ന് ക്ഷേത്രങ്ങളിലും മറ്റിടങ്ങളിലും പോയ നിരവധി പേരാണ് കുരുക്കിൽ പെട്ട് പോയത്. ബസ്, ലോറി തുടങ്ങി നിരവധി ഇരുചക്ര വാഹനങ്ങളും കാറുകളുമെല്ലാം ഗതാഗതത്തിൽ അകപ്പെട്ടു. പോലീസ് സ്ഥലത്തുണ്ടെങ്കിലും ഗതാഗതം നിയന്ത്രിക്കാൻ കാര്യമായി ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല.