‘പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്ന ചെറുകിട വ്യാപാരികളാണോ ഹർത്താലാചരിക്കേണ്ടത്’; കോണ്‍ഗ്രസിന്റെ ഹര്‍ത്താലിനെതിരെ തുറന്ന കത്തുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനും വ്യാപാരിയുമായ ചേമഞ്ചേരി സ്വദേശി


കോഴിക്കോട്: ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ കോഴിക്കോട് ഡി.സി.സി.പ്രസിഡണ്ട് കെ.പ്രവീൺ കുമാറിന് തുറന്ന കത്തുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനും ചേമഞ്ചേരി സ്വദേശിയും വ്യാപാരിയുമായ കെ.കെ ഫാറൂഖ്.

കഴിഞ്ഞ മുപ്പത് വർഷമായി കോൺഗ്രസിന്റെയും പോഷക സംഘടനകളുടെ ഭാരവാഹി സ്ഥാനം ഉൾപ്പെടെ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന ആളാണ് താനെന്നും പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്ന ചെറുകിട വ്യാപാരികളാണോ ഇന്ന് ഹര്‍ത്താല്‍ ആചരിക്കേണ്ടത് എന്നാണ് കത്തിലൂടെ ഫാറൂഖ് ചോദിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ ഫാറൂഖ് പങ്കുവെച്ച കത്തിന്റെ പൂര്‍ണരൂപം വായിക്കാം;

ബഹുമാനപ്പെട്ട കോഴിക്കോട് ഡി.സി.സി.പ്രസിഡണ്ട് കെ.പ്രവീൺ കുമാർ അവർകൾക്ക്
കഴിഞ്ഞ മുപ്പത് വർഷമായി കോൺഗ്രസിൻ്റയും പോഷക സംഘടനകളുടെ ഭാരവാഹി സ്ഥാനം ഉൾപ്പെടെ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി കെ.കെ.ഫാറൂഖ് എഴുതുന്ന തുറന്ന കത്ത്.

സർ
നാളെ ഞായറാഴ്ച കോഴിക്കോട് ജില്ലയിൽ ഹർത്താലിന് താങ്കൾ ആഹ്വാനം ചെയ്തിരിക്കുകയാണെല്ലോ?
ഏതൊക്കെ സ്ഥാപനങ്ങാളാണ് സാർ നാളെ തുറന്ന് പ്രവർത്തിക്കുക
സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ ഞായറാഴ്ച അവധിയാണ്
വാഹന ഗതാഗതം സാധാരണ പോലെ നടക്കും
ആരാണ് പിന്നെ നാളെ ഹർത്താലാചരിക്കേണ്ടത് പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്ന ചെറുകിട വ്യാപാരിയോ?
ഞാനും ഒരു
വ്യാപാരിയാണ്
കടുത്ത വ്യാപാര മാന്ദ്യം അനുഭവപ്പെടുന്നുണ്ട്
ഒരു പാട് പേർ വ്യാപാരം അവസാനിപ്പിച്ചു
പലരും കടകൾ അടച്ചുപൂട്ടാത്തത്
കടം വാങ്ങിയവർ വീട്ടിൽ തിരഞ്ഞു വരും എന്ന ഭയം കൊണ്ടാണ്
നാളെ വൈകുന്നേരം ഹർത്താൽ വൻ വിജയം എന്ന് താങ്കൾ പത്രസമ്മേളനം നടത്തുമ്പോൾ
ആഴ്ച അവസാനം ആ ഘോഷിക്കാൻ പുറത്തിറങ്ങുന്നവരെ കാത്ത് കട തുറന്ന് വെക്കുന്ന ചെറുകിട വ്യാപാരി മാത്രമാണ് ഹർത്താലിലുണ്ടായിരുന്നത്ത് എന്നത് താങ്കൾക്ക് സന്തോഷമുള്ള കാര്യമാവില്ലല്ലോ
ചേവായൂർ സഹകരണ ബേങ്കിലെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളിൽ വ്യാപാരികൾക്ക് യാതൊരു പങ്കുമില്ല സർ
സ്നേഹത്തോടെ
കെ.കെ.ഫാറൂഖ്
കൊയിലാണ്ടി
ഒരു ചെറുകിട വ്യാപാരി.

Description: Trader with open letter against Congress hartal