ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും സിപിഎം കേന്ദ്ര കമ്മിറ്റിയിൽ; 85 അം​ഗങ്ങളിൽ 31 പുതുമുഖങ്ങൾ


Advertisement

മധുര: 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ അംഗീകാരം. എം എ ബേബി സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി എത്തുമ്പോൾ എംഎൽഎ ടി പി രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ എന്നിവരുമുണ്ട് കേരളത്തിൽ നിന്ന് സിപിഎം പോളിറ്റ് ബ്യൂറോയിൽ. 54 നിലവിലുള്ള കേന്ദ്ര കമ്മിറ്റി അം​ഗങ്ങൾക്ക് പുറമേയാണ് പുതുമുഖങ്ങൾ കമ്മിറ്റിയിലെത്തുന്നത്.

Advertisement

അതേസമയം 75 വയസ്സ് കഴിഞ്ഞ നേതാക്കള്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിവായി. എന്നാല്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഇളവ് ലഭിച്ചു. എണ്‍പതുകാരനായ പിണറായി പിബിയില്‍ തുടരും. 75 വയസ്സ് പിന്നിട്ട പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, ജി രാമകൃഷ്ണൻ എന്നിവര്‍ പിബിയില്‍നിന്ന് മാറും.

Advertisement

മുൻ എക്സെെസ് വകുപ്പ് മന്ത്രിയായിരുന്ന ടി പി രാമകൃഷ്ണൻ നിലവിൽ എൽഡിഎഫ് കൺവീനറാണ്. കർഷക, ‍ട്രേഡ് യൂണിയൻ നേതാവായ അദ്ദേഹം പേരാമ്പ്രയിൽ നിന്നുള്ള നിയമസഭാം​ഗമാണ്. സർപ്രെെസ് എൻട്രിയായാണ് കെ എസ് സലീഖ കേന്ദ്ര കമ്മിറ്റിയിലേക്ക് എത്തുന്നത്. മുൻ എംഎൽഎയായ സലീഖ സിപിഎം സംസ്ഥാന കമ്മിറ്റി അം​ഗമാണ്. വനിതാ പ്രതിനിധിയായാണ് സലീഖ എത്തുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അം​ഗവും ദേശാഭിമാനിയുടെ ചീഫ് എഡിറ്ററുമാണ് പുത്തലത്ത് ദിനേശൻ. വടകര സ്വദേശിയാണ് അദ്ദേഹം.

Advertisement

വനിതാ പ്രതിനിധികളായ സുഭാഷിണി അലിയും ബൃന്ദാ കാരാട്ടും പുറത്തുപോകുന്ന പശ്ചാത്തലത്തില്‍ യു. വാസുകിയും മറിയം ധാവ്‌ളെയും പോളിറ്റ് ബ്യൂറോയിലെത്തും. തമിഴ്‌നാട്ടില്‍നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയന്‍ നേതാവുമാണ് യു. വാസുകി. മഹാരാഷ്ട്രയില്‍നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ മറിയം, മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ്. കെ ബാലകൃഷ്ണൻ (തമിഴ്നാട്), അമ്രാറാം (രാജസ്ഥാൻ), ജിതേന്ദ്ര ചൗധരി ( ത്രിപുര), ശ്രീദിപ് ഭട്ടാചാര്യ (ബംഗാൾ) എന്നിവരാണ് പുതിയ പിബി അംഗങ്ങൾ.