സാധാരണക്കാരന്റെ കൈ പൊള്ളും; തക്കാളി, സവാള, ഉരുളക്കിഴങ്ങ്‌ വില കുത്തനെ ഉയരുന്നു


Advertisement

ഡല്‍ഹി: രാജ്യത്ത്‌ തക്കാളി, സവാള, ഉരുളക്കിഴങ്ങ്‌ വില കുത്തനെ ഉയരുന്നു . ഇതോടെ സാധാരണക്കാരന്റെ കുടുംബബജറ്റ്‌ താളം തെറ്റുന്നു. തക്കാളി കൃഷി നടക്കുന്ന സ്ഥലങ്ങളിലെ മഴയും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി തക്കാളി കൃഷി കുറവാണ് .

Advertisement

ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള വില നിരീക്ഷണ വിഭാഗം നടത്തുന്ന പഠനം അനുസരിച്ച് ചില്ലറ വിപണിയിൽ തക്കാളിയുടെ ശരാശരി വില 25 രൂപയിൽ നിന്ന് 41 രൂപയായി ഉയർന്നു. തക്കാളിയുടെ വില പല സ്ഥലങ്ങളിലും 100 രൂപ കടന്നു. കൊൽക്കത്തയിൽ തക്കാളിയുടെ ചില്ലറ വിൽപ്പന വില കിലോയ്ക്ക് 150 രൂപയിലധികമാണ്.

Advertisement

ജൂൺ 30 വരെയുള്ള വിപണിയിലെ വിലനിലവാരം അനുസരിച്ച് സവാള മൊത്ത വില മുൻവർഷത്തെ അപേക്ഷിച്ച് 106 ശതമാനം വർധിച്ചു. ഉരുളക്കിഴങ്ങിന്റെ മൊത്ത വില 96 ശതമാനവും ഉയർന്നു. വിലക്കയറ്റം താൽക്കാലികപ്രതിഭാസം മാത്രമാണെന്നും ഉരുളക്കിഴങ്ങിന്റേത്‌ ഒഴിച്ചുള്ള വില വരുംദിവസങ്ങളിൽ കുറയുമെന്നുമാണ്‌ കേന്ദ്രസർക്കാരിന്റെ അവകാശവാദം. കഴിഞ്ഞ റാബി സീസണിലെ ഉൽപ്പാദനം കുറഞ്ഞതും കടുത്തവേനലും ജലക്ഷാമവുമാണ്‌ വിലക്കയറ്റത്തിനുള്ള കാരണമായി സർക്കാർ പറയുന്നത്‌.

Advertisement