‘വയനാട്ടിലേക്ക് ഒരു കൈത്താങ്ങ്’ ടിക്കറ്റിനുപകരം ബക്കറ്റുമായി ജില്ലയിലെ സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍; കൊയിലാണ്ടിയില്‍ നിന്നടക്കമുള്ള സ്വകാര്യബസുകളുടെ ഇന്നത്തെ സര്‍വ്വീസ് ദുരിതബാധിതര്‍ക്ക് വീടൊരുക്കാനായി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നുള്ള ഏതാണ്ടെല്ലാ ബസുകളുടെയും ഇന്നത്തെ ഓട്ടം വയനാടിനുവേണ്ടിയാണ്. ബസ് ജീവനക്കാര്‍ വയനാടിന് കൈത്താങ്ങായി ഓടുമ്പോള്‍ യാത്രക്കാരും കട്ടയ്ക്ക് കൂടെയുണ്ട്. ടിക്കറ്റ് തുകയ്ക്ക് പുറമേ തങ്ങളാലാവുന്നത് നല്‍കിയാണ് ഓരോ യാത്രക്കാരും ഈ ഉദ്യമത്തില്‍ പങ്കുചേരുന്നത്. ടിക്കറ്റുമായി യാത്രക്കാര്‍ക്കരികിലേക്ക് പോകുന്ന കണ്ടക്ടര്‍മാരെല്ലാം തന്നെ ഇന്ന് വയനാടിനൊരു കൈത്താങ്ങ് എന്നെഴുതിയ ബക്കറ്റുമായാണ് പണം ശേഖരിക്കുന്നത്.
രാവിലെ മുതല്‍ ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ജീവനക്കാരും ബസ് ഉടമകളും പറയുന്നു. യാത്രക്കാരോട് ടിക്കറ്റ് ചാര്‍ജാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ടിക്കറ്റ് തുക കഴിച്ച് ബാക്കിയുണ്ടെങ്കില്‍ തിരികെ നല്‍കും. താല്‍പര്യമുള്ളവര്‍ അത് സംഭാവനയായി നല്‍കുകയാണെന്നും അവർ പറഞ്ഞു. കൊയിലാണ്ടിയിലെ ബസുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാണ്ട് എല്ലാ ബസുകളും ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് ഈ ഉദ്യമവുമായി മുന്നോട്ടുവന്നത്. സര്‍വ്വീസ് നടത്തി കിട്ടുന്ന തുക ഉപയോഗിച്ച് ദുരന്തമേഖലയിലുള്ളവര്‍ക്ക് വീടുവെച്ച് നല്‍കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി.വാസുദേവന്‍ പറഞ്ഞു.
വയനാട്ടിലേക്ക് ഒരു കൈത്താങ്ങ് എന്ന പേരില്‍ നടക്കുന്ന സര്‍വ്വീസില്‍ ജില്ലയിലെ ഏതാണ്ടെല്ലാ സ്വകാര്യബസുകളും പങ്കുചേരുന്നുണ്ട്. ദുരിതബാധിതരെ സഹായിക്കാനുള്ള അവസരമായി ഈ പരിപാടിയെ കാണണമെന്നും ഇന്ന് സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Summary: Today’s service of private buses in kozhikode to help wayanad land slide victims