കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു
കുറ്റ്യാടി: കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ബി.എം.എസ് യൂണിയന്‍ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. ബുധനാഴ്ച കളക്ടറുടെ ചേമ്പറില്‍ വച്ച് ബി.എം.എസ് തൊഴിലാളി പ്രതിനിധികളും ബസ് ഉടമ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ അത്തോളി മുതല്‍ ഉള്ളിയേരി വരെയുള്ള റോഡില്‍ വന്‍കുഴികളാണ്. മഴ മാറിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് കളക്ടര്‍ ഉറപ്പുനല്‍കി. ഹെവി വാഹനങ്ങള്‍ റൂട്ടിലൂടെ കടന്നുപോകുന്നത് സമയക്രമത്തിലൂടെ നിയന്ത്രിക്കാന്‍ തീരുമാനമായി.
ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഹോം ഗാര്‍ഡിനെ വെക്കാമെന്നും കലക്ടര്‍ അറിയിച്ചു. യൂണിയനെ പ്രതിനിധീകരിച്ച് ബി.എം.എസ് ജില്ലാ പ്രസിഡണ്ട് ദേവദാസ് ഏരിയ സെക്രട്ടറി ഷൈന്‍ പയ്യപ്പള്ളി, നിദാന്ത് എന്നിവരും ബസ്സു ഉടമകളെ പ്രതികരിച്ച് ജില്ലാ സെക്രട്ടറി ടി.കെ.ബീരാന്‍കോയ, റിനീഷ് എടത്തിയില്‍, എം.എസ് സാജു ബേനസീര്‍ റിയാസ്, അബ്ദുല്‍ സത്താര്‍ എന്നിവരും പങ്കെടുത്തു.