ജവാൻ അഖിലേഷിന്റെ സ്മരണയിൽ രക്തദാന ക്യാമ്പ്, കടലൂർ മുസ്ലിം അസോസിയേഷന്റെ വിക്ടറി ലാപ്, ആന്തട്ട ഗവ. യു.പി സ്കൂളിൽ ‘സ്മൈൽ’; അറിയാം, വായിക്കാം ഇന്നത്തെ വിശേഷങ്ങൾ


ജവാന്‍ അഖിലേഷിന്റെ ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പ്

കൊയിലാണ്ടി: നടേരിയിലെ അക്ഷര വായനശാലയുടെയും അഖിലേഷ് സൗഹൃദ കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ജവാന്‍ അഖിലേഷിന്റെ രണ്ടാം ഓര്‍മ്മദിനത്തോന് അനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്തി. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഇരുപത്തിയൊന്നാം വാര്‍ഡിലെ പകല്‍ വീട്ടില്‍ വച്ച് നടന്ന ക്യാമ്പ് കൗണ്‍സിലര്‍ ആര്‍.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു. ബിജിലേഷ് ആശാരിക്കണ്ടി അധ്യക്ഷനായി. ഇരുപത്തിരണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ ഫാസില്‍ പി.പി മുഖ്യാതിഥിയായി. ഷംസു ആണ്ടാറത്ത്, ഷക്കറിയ ബാഗ, ഷൈജു ഇ.എം.എസ് എന്നിവര്‍ പങ്കെടുത്തു.

കൗമാരക്കാർക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്

കൊയിലാണ്ടി: നഗരസഭയിലെ 33, 34, 38 വാർഡുകളിലെ കൗമാരക്കാർക്കായി 75, 76, 84, 98 അങ്കണവാടികളുടെ നേതൃത്വത്തിൽ കൗമാരക്കാർക്കായി ലഹരി-മയക്കുമരുന്ന് വിപത്തിനെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രിസൺ കോ-ഓർഡിനേറ്റർ, പ്രസുഭൻ്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്. ഐ.സി.ഡി.എസ് സൂപ്പർവൈസർ സബിത അധ്യക്ഷയായി. മാപ്പിള സ്കുൾ പ്രധാനാധ്യാപിക ചന്ദ്രമതി, വി.കെ.രജനി, വി.ബിന്ദു, കമല, സുമ എന്നിവർ സംസാരിച്ചു.

മെഡിസെപ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കണമെന്ന് പെൻഷനേഴ്‌സ് യൂണിയൻ മൂടാടി യൂണിറ്റ്

കൊയിലാണ്ടി: സംസ്ഥാന ജീവനക്കാർക്കും സർവ്വീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കുമായി ആരംഭിച്ച മെഡിസെപ് ഇൻഷൂറൻസ് പദ്ധതിയിലെ നിലവിലെ ന്യൂനതകൾ പരിഹരിക്കണമെന്നും വിദഗ്ധ ചികിത്സ ലഭിക്കുന്ന കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തണമെന്നും കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മൂടാടി യൂണിറ്റ് ആവശ്യപ്പെട്ടു. അകലാപുഴ പാലം നിർമ്മാണം ആരംഭിക്കുക, ദേശീയ പാതയിൽ മുചുകുന്ന് റോഡിൽ അടിപ്പാത നിർമ്മിക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗം അവതരിപ്പിച്ചു. ചേനോത്ത് ഭാസ്കരൻ അധ്യക്ഷനായി. വി.പി.ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ബാലഗോപാൽ, ടി.വേണുഗോപാൽ, പി.എൻ.ശാന്തമ്മ ടീച്ചർ, എ.ഹരിദാസ്, പി.ശശീന്ദ്രൻ, ഇ.ഭാസ്കരൻ, കെ.എം.രാജൻ എന്നിവർ സംസാരിച്ചു. മെഡിസെപ് കാർഡ് വിതരണം, കൈത്താങ്ങ് പെൻഷൻ പദ്ധതി, മുതിർന്നവരെ ആദരിക്കൽ, പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണം എന്നിവയും നടത്തി.

ആന്തട്ട ഗവ. യു.പി സ്കൂളിൽ ‘സ്മൈൽ’ പരിപാടിക്ക് തുടക്കം

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ ‘സ്മൈൽ” പരിപാടിക്ക് തുടക്കമായി. ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് മൂന്നു മാസക്കാലം നീണ്ടു നിൽക്കുന്ന സ്മൈൽ പരിപാടി നടത്തുന്നത്. പഠനാനുഭവങ്ങളിലെ പരിമിതിക്ക് കൈത്താങ്ങ് നൽകലാണ് പ്രോജക്ടിന്റെ ലക്ഷ്യം. മലയാളം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങൾക്കാണ് ആദ്യ ഘട്ട ഊന്നൽ. സംസ്ഥാന ക്വാളിറ്റി ഇംപ്രൂവ്മെൻറ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സി.കെ.വാസു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.ഹരിദാസ് അധ്യക്ഷനായി. പ്രധാനധ്യാപകൻ എം.ജി.ബൽരാജ്, ഡോ. രഞ്ജിത്ത് ലാൽ, പി.ജയകുമാർ, കെ.കെ.പീതാംബർ കുമാർ, കെ.ബേബിരമ എന്നിവർ പ്രസംഗിച്ചു. ലോഗോ പ്രകാശനവും നടന്നു.

സ്റ്റാഫ് റൂം ലൈബ്രറിക്ക് തുടക്കമായി

കൊയിലാണ്ടി: ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ സ്റ്റാഫ് ലൈബ്രറി പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. ഡി.ഡി.ഇ മനോജ് മണിയൂരിന്റെ നിർദ്ദേശപ്രകാരമാണ് അധ്യാപകർക്ക് പ്രയോജനപ്പെടുത്താവുന്ന റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിപുലമായ വായനാ അവസരം ഒരുക്കിയിരിക്കുന്നത്. സ്കൂളിൽ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം അക്ഷരദീപം കൊളുത്തിയും അധ്യാപകരുടെ പുസ്തകങ്ങൾ സ്വീകരിച്ചു കൊണ്ടും പ്രധാനാധ്യാപിക എം.കെ. ഗീത നിർവഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് പി.കെ.സുപ്രിയ, സ്റ്റാഫ് സെക്രട്ടറി ലിഗേഷ്, ലൈബ്രറി-ഇൻ-ചാർജ് രോഷ്ണി വിനോദ്, എൻ.എം.ബീറ എന്നിവർ സംസാരിച്ചു.

കെ.എം.എ വിക്ടറി ലാപ്പ് വിദ്യാർത്ഥികളെ അനുമോദിച്ചു

നന്തി ബസാർ: കടലൂർ മുസ്ലിം അസോസിയേഷൻ വിക്ടറി ലാപ് സംഘടിപ്പിച്ചു. നന്തി സ്റ്റാർ ഹോട്ടലിൽ നടന്ന ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പാസായ വിദ്യാർത്ഥികളെ അനുമോദിക്കുന്ന പരിപാടി മുസ്ലിം ലീഗ് നേതാവ് ടി.ടി.ഇസ്മയിൽ 29 വിദ്യാർത്ഥികൾക്ക് മൊമൻ്റൊ നൽകി ഉദ്ഘാടനം ചെയ്തു. ടി.കെ.നാസർ അദ്ധ്യക്ഷനായി.

ഷബീർ മണ്ടോളി, മലമ്മൽ ഫൈസൽ, കെ.പി.മൂസ്സ, നിലയെടുത്ത് ഹനീഫ, എം.കെ.മുഹമ്മദ്, സി.കെ.സുബൈർ, കൊവ്വുമ്മൽ ഇസ്മയിൽ, സിഫാദ് ഇല്ലത്ത്, ഷാഹിയ ബഷീർ, ഫസ്ന ഷറിൻ, റഷീദ് മണ്ടോളി, പി.വി.നിസാർ എന്നിവർ പങ്കെടുത്തു. ചങ്ങരോത്ത് യൂസുഫിൻ്റെ സെൻട്രൽ യൂണിവേഴ്സിറ്റികളെ പരിചയപ്പെടുത്തുന്ന പ്രദർശനവും നടന്നു. മുഹമ്മദ് ഉമൈർ ഖിറാഅത്ത് നടത്തി. ഷരീഫ് ദാരിമി സ്വാഗതവും എം.കെ.ബഷീർ നന്ദിയും പറഞ്ഞു.

‘ഗണിത വിജയം’ അധ്യാപക ശാക്തീകരണ പരിപാടി

പയ്യോളി: എസ്.എസ്.കെ കേരള മേലടി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കീഴൂർ ജി.യു.പി സ്കൂളിൽ വച്ച് നടന്ന ഗണിത വിജയം അധ്യാപക ശാക്തീകരണ പരിപാടി പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. മൂന്ന്, നാല് ക്ലാസുകളിലെ ഗണിതപഠനം രസകരമായ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ആസ്വാദ്യകരവും ലളിതവുമാക്കി മാറ്റുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ചടങ്ങിൽ മേലടി ബി.പി.സി അനുരാജ് വരിക്കാലിൽ അധ്യക്ഷനായി. ബി.ആർ.സി ട്രെയിനർ പി.അനീഷ് സ്വാഗതം പറഞ്ഞു കീഴൂർ ജി.യു.പി സ്കൂൾ എച്ച്.എം.ദിനേശൻ മാസ്റ്റർ മുഖ്യാതിഥിയായി. ബി.ആർ.സി ട്രെയിനർ എം.കെ.രാഹുൽ നന്ദി രേഖപ്പെടുത്തി.