ഒരു മണിക്ക് ലോട്ടറിടിക്കറ്റെടുത്തു, രണ്ട് മണിക്ക് ജപ്തി നോട്ടീസ് വന്നു, പിന്നാലെ 70ലക്ഷത്തിന്റെ ഭാഗ്യവും; മൈനാഗപ്പള്ളിയിലെ പൂക്കുഞ്ഞിന് ഇതിലും വലിയ ഭാഗ്യം കിട്ടാനില്ല!



ശാസ്താംകോട്ട:
ബുധനാഴ്ച മീന്‍ വിറ്റുവരുന്ന വഴിയില്‍ ഒരു പ്രതീക്ഷയുമില്ലാതെ എടുത്തതാണ് ലോട്ടറി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരുപാടുണ്ട്, എന്തെങ്കിലും കിട്ടിയാല്‍ അതായല്ലോ എന്നായിരുന്നു മനസില്‍. തിരിച്ച് വീട്ടിലെത്തി അല്‍പ്പം കഴിഞ്ഞപ്പോള്‍ കയ്യില്‍ക്കിട്ടിയത്  കോര്‍പ്പറേഷന്‍ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസായിരുന്നു.

വീടുവയ്ക്കുന്നതിന് ബാങ്കില്‍നിന്ന് എട്ടുവര്‍ഷംമുമ്പ് 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി ഒന്‍പതുലക്ഷത്തിലെത്തി നില്‍ക്കുകയാണ്. മുന്നിലൊരു വഴിയും കാണാതെ നെഞ്ചുപിടഞ്ഞ് കട്ടിലില്‍ കിടക്കുകയാണ് ചെയ്തത്. മുന്നില്‍ വെറും ശൂന്യത മാത്രം.

ഈ സമയത്താണ് മൂന്നരയോടെ സഹോദരന്‍ പൂക്കുഞ്ഞിനെ വിളിക്കുന്നത്. എ.ഇസഡ്. 907042 എന്ന ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചെന്ന വാര്‍ത്ത സഹോദരന്‍ അറിയിച്ചതോടെ പിന്നെ സന്തോഷംകൊണ്ട് കണ്ണ് നിറയുകയായിരുന്നു. സത്യമാണോ സ്വപ്‌നമാണോ എന്ന് വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു കുറച്ചുസമയം.

മൈനാഗപ്പള്ളി പ്ലാമൂട്ടില്‍ ചന്തയില്‍ ചെറിയതട്ടില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികന്റെ കൈയില്‍നിന്നാണ് പൂക്കുഞ്ഞ് ടിക്കറ്റെടുത്തത്. സത്യമാണെന്ന് ബോധ്യംവന്നതോടെ കാത്തുനില്‍ക്കാതെ നേരേപോയത് ഭാര്യ മുംതാസിന്റെ കരുനാഗപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. മറക്കാനാകാത്ത ബുധനാഴ്ച സമ്മാനിച്ച ദൈവത്തിന് നന്ദിപറഞ്ഞ് എല്ലാവരുമായി മടക്കം. വിദ്യാര്‍ഥികളായ മുനിര്‍, മുഹ്സിന എന്നിവരാണ് മക്കള്‍.