പേരാമ്പ്ര എസ്റ്റേറ്റിലെ മരംലേലത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധം ശക്തം; എസ്റ്റേറ്റ് ലേബര്‍ യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫീസ് ഉപരോധിച്ചു; തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം
പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റില്‍ മരംലേലത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ഏരിയ എസ്റ്റേറ്റ് ലേബര്‍ യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തില്‍ തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ 10മണി മുതല്‍ 2മണി വരെയാണ് 180ഓളം വരുന്ന തൊഴിലാളികള്‍ പണി മുടക്കിയത്. പ്രശ്‌നത്തില്‍ നടപടിയുണ്ടാകാത്തതിനാല്‍ തിങ്കളാഴ്ച മുതല്‍ അനശ്ചിതകാല സമരം തുടങ്ങുമെന്ന് തോട്ടം തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും, സിഐടിയു പേരാമ്പ്രാ ഏരിയാ സെക്രട്ടറിയുമായ കെ.സുനിൽ പറഞ്ഞു.
എസ്റ്റേറ്റില്‍ കാട്ടാന നശിപ്പിച്ചതും കാറ്റില്‍ ഒടിഞ്ഞുവീണതുമായ റബ്ബര്‍മരങ്ങളാണ് ലേലത്തില്‍ വില്‍ക്കുന്നത്. ഇതിന്റെ തൂക്കത്തില്‍ കൃത്രിമം കാണിച്ച് ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നത്. ക്രമകേട് നടക്കുന്നുണ്ടെന്ന വിവരം നേരത്തേതന്നെ മാനേജരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ഈ വിഷയത്തില്‍ അന്വേഷണമൊന്നുമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞമാസം സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ എസ്റ്റേറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ക്കും കോഴിക്കോട് വിജിലന്‍സിനും പരാതിനല്‍കുകയും ചെയ്തിരുന്നു.
ടണ്ണിന് 4100 രൂപ നിരക്കിലാണ് കരാര്‍. മൂന്നുവര്‍ഷമായി ഒരാള്‍തന്നെയാണ് കരാറെടുത്തത്. കോഴിക്കോട് വെയ്ബ്രിഡ്ജില്‍ തൂക്കിയതിന്റെ ബില്‍ ഹാജരാക്കുന്നത് പ്രകാരമാണ് പ്ലാന്റേഷന്‍ തുക അനുവദിക്കുന്നത്. ശരാശരി 25 ടണ്‍മുതല്‍ 29 ടണ്‍വരെ മരമാണ് ഒരു ലോറിയില്‍ കൊണ്ടുപോകാറുള്ളത്. ഇത് ലോറിയില്‍ കയറ്റുന്നതിന് ചുമട്ടുതൊഴിലാളികള്‍ക്ക് കൃത്യമായി തുക നല്‍കുന്നുണ്ട്. എന്നാല്‍, കോര്‍പ്പറേഷനില്‍ അടയ്ക്കുന്ന തുക 15 ടണ്‍ മുതല്‍ 20 ടണ്‍ വരെയാണെന്നാണ് വിവരാവകാശപ്രകാരം ലഭിച്ച വിവരം. 324 ലോഡ് മരം വില്‍പ്പനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. മരത്തിന്റെ തൂക്കം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി എസ്റ്റേറ്റ് മാനേജര്‍ ചുമതലപ്പെടുത്തിയ ജീവനക്കാര്‍ സ്ഥിരമായി കൂടെപ്പോകാറുണ്ട്. എന്നാല്‍, വ്യാജ ബില്‍ തയ്യാറാക്കി കൂടെപ്പോകുന്ന ഉദ്യോഗസ്ഥന്‍ മുഖേന എസ്റ്റേറ്റ് ഓഫീസില്‍ നല്‍കാറാണ് പതിവെന്ന് നേതാക്കള്‍ ആരോപിക്കുന്നു.
മരം വില്‍പ്പന നടത്തുന്നത് പെരുമ്പാവൂരിലാണ്. ഇവിടെ മരത്തിന്റെ യഥാര്‍ഥതൂക്കത്തിന് അനുസരിച്ചാണ് കരാറുകാരന്‍ ചുമട്ടുതൊഴിലാളികള്‍ക്ക് കൂലിനല്‍കുന്നത്. എന്നാൽ കോഴിക്കോടുള്ള ഒരു അളവ് തൂക്ക സ്ഥാപനത്തിൽ വച്ച് തൂക്കം കുറച്ചു കാണിക്കുന്ന ബിൽ തയ്യാറാക്കി അത് പ്ലാൻ്റേഷൻ ചുമതല പെടുത്തിയ ആൾ വശം കൊടുത്തു വിടുകയാണ് പതിവ്. ഇത് സാധാരണ 15 മുതൽ 20 ടൺ വരെ ഉള്ള ബിൽ ആയിരിക്കും.
എന്നാൽ കയറ്റിറക്ക് തൊഴിലാളികൾക്ക് നൽകുന്ന കൂലി പെരുമ്പാവൂരിൽ വിൽപന നടത്തുന്ന സ്ഥാപനത്തിൽ നിന്നുള്ള തൂക്കത്തിന് അനുസരിച്ച് ആണ്. ഇതാകട്ടെ 25 മുതൽ 30 വരെ ടൺ ആയിരിക്കും ഉണ്ടാവുക. അങ്ങനെ ഓരോ ലോഡിലും 5 മുതൽ 10 ടൺ വരെ ആണ് കുറവ് രേഖപെടുത്തി തട്ടിപ്പ് നടത്തി വരുന്നത്. ഈ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ താൽപര്യത്തിന് കൂട്ടു നിൽക്കുന്ന ആളെ മാത്രമാണ് സാധാരണ ലോറിയുടെ കൂടെ വിടാറുള്ളതെന്നാണ് നേതാക്കള് പറയുന്നത്.
ഈ ഉദ്യോഗസ്ഥനും ലോറിയുടെ കൂടെ പോകുന്ന തൊഴിലാളിയും കരാറുകാരനും ചേർന്നാണ് ഇതിനകം 50 ലക്ഷത്തിലേറെ നഷ്ടം എസ്റ്റേറ്റിന് ഉണ്ടാക്കിയിട്ടുള്ളത്. ഈ വിവരങ്ങൾ കാണിച്ചു പ്ലാൻ്റേഷൻ അധികാരികൾക്കും വിജിലൻസിനു പരാതി നൽകി എങ്കിലും ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഈ കാരണങ്ങൾ ഉന്നയിച്ചാണ് പണിമുടക്കും ഉപരോധവും സംഘടിപ്പിച്ചത്.
തോട്ടം തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും, സിഐടിയു പേരാമ്പ്രാ ഏരിയാ സെക്രട്ടറിയുമായ കെ.സുനിൽ ഉപരോധം ഉദ്ഘാടനം ചെയ്തു. കെ.ടി സതീഷ് അദ്ധ്യക്ഷത വഹിച്ചു. സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സി.പി.ഐ.എം മുതുകാട് ലോക്കൽ സെക്രട്ടറി പി.സി സുരാജൻ, എം.ബി പ്രദീപൻ, കെ.വിനോദ്, സി.അശോകൻ, കെ.രാജീവൻ, കെ.കെ.ഷീബ, കെ.ഷിബു, ഷീന സി.ആര്‍ എന്നിവർ സംസാരിച്ചു. പി.ജെ റെജി സ്വാഗതം പറഞ്ഞു.
Description: Timber Auction at Perampra Estate; Workers besieged the estate office; Indefinite strike from Monday