സംസ്ഥാന ബജറ്റ്; പെരുവണ്ണാമൂഴിയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് ആരംഭിക്കും-ധനമന്ത്രി


ചക്കിട്ടപ്പാറ: പെരുവണ്ണാമുഴിയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാലന്‍. സംസ്ഥാന ബജറ്റ് അവതരണത്തിനിടയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പേരാമ്പ്ര എസ്റ്റേറ്റില്‍ 120 ഹെക്ടര്‍സ്ഥലത്താണ് പാര്‍ക്ക് നിര്‍മിക്കുന്നത്. ടൂറിസം വികസന രംഗത്തെ വലിയൊരു മുതല്‍ക്കൂട്ടായി ഇതിനെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുതുകാട് കടുവ സഫാരി പാര്‍ക്ക് തുടങ്ങുന്നതിന്റെ ആദ്യഘട്ടമെന്നോണം ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വ്വേ നടപടികള്‍ നടന്നു വരുകയാണ്. 120 ഹെക്ടര്‍ സ്ഥലമാണ് സര്‍വേ നടത്തിയത്. ഫെബ്രുവരി അഞ്ചിന് കോഴിക്കോട് ഫോറസ്റ്റ് മിനിസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ദാമോദരന് റിപ്പോര്‍ട്ട് കൈമാറും.

കടുവ സഫാരി പാര്‍ക്ക് പേരാമ്പ്ര എസ്റ്റേറ്റില്‍ തുടങ്ങാന്‍ നവംബര്‍ 18-നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ തുടര്‍ച്ചയായി നവംബര്‍ 25-ന് വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്റെയും കൃഷിമന്ത്രി പി. പ്രസാദിന്റെയും സാന്നിധ്യത്തില്‍ കോഴിക്കോട്ടുനടന്ന ഉന്നതതല യോഗം നടന്നിരുന്നു.

വനംവകുപ്പില്‍നിന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പാട്ടത്തിനെടുത്ത ഭൂമിയിലാണ് പേരാമ്പ്ര എസ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കാനുള്ള നടപടി പുരോഗമിക്കവേയാണ് കടുവസഫാരി പാര്‍ക്കിന് 120 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നത്. അതിനാല്‍ വനംവകുപ്പിന് നടപടികള്‍ എളുപ്പമാണ്.